ആർബിഐ ഇളവിന് പിന്നാലെ പ്രവാസി നിക്ഷേപത്തിൽ വൻ വർധന; 39 ദിവസത്തിൽ എത്തിയത് 20.72 ബില്യൻ ഡോളർ
പ്രവാസികൾക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ അനുവദിക്കുന്ന സംവിധാനമാണ് ഫോറിന്‍ കറന്‍സി നോണ്‍-റസിഡന്റ് (ബാങ്ക്) അഥവാ എഫ്‌സിഎൻആർ (ബി) അക്കൗണ്ട്
ദുബൈ: റിസർവ് ബാങ്ക് പ്രഖ്യാപിച്ച പ്രത്യേക ആനുകൂല്യം പ്രയോജനപ്പെടുത്തി പ്രവാസികൾ ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപം എത്തിച്ചു. എഫ്‌സിഎൻആർ (ബി) അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ 39 ദിവസത്തിനിടെ 20.72 ബില്യൻ ഡോളർ (ഏകദേശം രണ്ട് ലക്ഷം കോടി രൂപ) ഇന്ത്യയിലെത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു.
പ്രവാസികൾക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ അനുവദിക്കുന്ന സംവിധാനമാണ് ഫോറിന്‍ കറന്‍സി നോണ്‍-റസിഡന്റ് (ബാങ്ക്) അഥവാ എഫ്‌സിഎൻആർ (ബി) അക്കൗണ്ട്. ജൂൺ 5നാണ് ഈ നിക്ഷേപവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ റിസർവ് ബാങ്ക് പ്രത്യേക ഇളവ് പ്രഖ്യാപിച്ചത്.
എഫ്‌സിഎൻആർ (ബി) നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ബാങ്കുകൾ നേരിടുന്ന ബാധ്യത സെപ്റ്റംബർ 30 വരെ റിസർവ് ബാങ്ക് ഏറ്റെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിലൂടെ ബാങ്കുകൾക്ക് ലഭിച്ച ആശ്വാസം പ്രവാസി നിക്ഷേപകരിലേക്കും എത്തുകയും കൂടുതൽ നിക്ഷേപത്തിന് വഴിയൊരുക്കുകയും ചെയ്തു.
എഫ്‌സിഎൻആർ നിക്ഷേപങ്ങളുടെ പ്രധാന ആകർഷണം വിദേശ കറൻസിയിൽ തന്നെ നിക്ഷേപവും തിരിച്ചടവും ലഭിക്കുന്നതാണ്. കാലാവധി പൂർത്തിയാകുമ്പോൾ പലിശ ഉൾപ്പെടെയുള്ള തുക അതേ വിദേശ കറൻസിയിൽ തിരികെ ലഭിക്കുന്നതിനാൽ രൂപയുടെ മൂല്യത്തകർച്ച നിക്ഷേപത്തെ ബാധിക്കില്ല.
കൂടാതെ, എഫ്‌സിഎൻആർ നിക്ഷേപങ്ങളിൽ ലഭിക്കുന്ന പലിശ വരുമാനം ഇന്ത്യയിൽ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിക്ഷേപ കാലാവധി അവസാനിച്ച ശേഷം തുകയും പലിശയും പൂർണമായും വിദേശത്തേക്ക് മാറ്റാനും സാധിക്കും. ഈ ആനുകൂല്യങ്ങളാണ് പ്രവാസികൾക്കിടയിൽ എഫ്‌സിഎൻആർ നിക്ഷേപങ്ങളുടെ താൽപര്യം വർധിപ്പിക്കുന്നത്.
Comments ()