കുഞ്ഞ് തന്റേതല്ലെന്ന സംശയം, അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്, അറസ്റ്റില്‍
ആറുമാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹശേഷം കുടുംബപ്രശ്നങ്ങളും തർക്കങ്ങളും പതിവായിരുന്നുവെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം
കുടുംബ തർക്കം ദാരുണ കൊലപാതകത്തിൽ കലാശിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് അഞ്ചുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോംഗാർഡായി ജോലി ചെയ്യുന്ന സോമസുന്ദരം (28) ആണ് ഭാര്യ സോണിയയെ (28) കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആറുമാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹശേഷം കുടുംബപ്രശ്നങ്ങളും തർക്കങ്ങളും പതിവായിരുന്നുവെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.
ഗർഭധാരണത്തെ തുടർന്നാണ് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായത്. ഗർഭത്തിലെ കുഞ്ഞ് തന്റേതല്ലെന്ന സംശയം സോമസുന്ദരം പ്രകടിപ്പിച്ചിരുന്നതായും ഇതേ വിഷയത്തെ ചൊല്ലി ദമ്പതികൾക്കിടയിൽ പലതവണ തർക്കമുണ്ടായിരുന്നുവെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ച പുലർച്ചെയും ഇതേ വിഷയത്തെ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് സോണിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണ വിവരങ്ങൾ.രാവിലെ സോണിയയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കൂറുകൾക്കകം സോമസുന്ദരത്തെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.
Comments ()