ടാൽക്കം ബേബി പൗഡർ വിവാദം; ആയിരക്കണക്കിന് കേസുകളിൽ വൻ ഒത്തുതീർപ്പിന് ജോൺസൺ ആൻഡ് ജോൺസൺ

അമേരിക്കയിലെ വിവിധ കോടതികളിലായി കമ്പനിക്കെതിരെ ഏകദേശം 76,000 കേസുകളാണ് നിലവിലുള്ളത്. എന്നാൽ, പരാതിക്കാരിൽ കുറഞ്ഞത് 95 ശതമാനം പേരെങ്കിലും കരാർ അംഗീകരിച്ചാൽ മാത്രമേ ഒത്തുതീർപ്പ് പ്രാബല്യത്തിൽ വരികയുള്ളൂ.

ടാൽക്കം ബേബി പൗഡർ വിവാദം; ആയിരക്കണക്കിന് കേസുകളിൽ വൻ ഒത്തുതീർപ്പിന് ജോൺസൺ ആൻഡ് ജോൺസൺ

വാഷിംഗ്ടൺ: ടാൽക്ക് അധിഷ്ഠിത ബേബി പൗഡർ ഉപയോഗം അണ്ഡാശയ അർബുദത്തിന് കാരണമായെന്ന ആരോപണവുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് പരാതികൾ അവസാനിപ്പിക്കാൻ വൻ സാമ്പത്തിക ഒത്തുതീർപ്പിന് തയ്യാറായി ജോൺസൺ ആൻഡ് ജോൺസൺ. 5.5 ബില്യൺ ഡോളർ (ഏകദേശം ₹52,676 കോടി) നഷ്ടപരിഹാരം നൽകുന്ന കരാറിനാണ് കമ്പനി സമ്മതം അറിയിച്ചിരിക്കുന്നത്.

അമേരിക്കയിലെ വിവിധ കോടതികളിലായി കമ്പനിക്കെതിരെ ഏകദേശം 76,000 കേസുകളാണ് നിലവിലുള്ളത്. എന്നാൽ, പരാതിക്കാരിൽ കുറഞ്ഞത് 95 ശതമാനം പേരെങ്കിലും കരാർ അംഗീകരിച്ചാൽ മാത്രമേ ഒത്തുതീർപ്പ് പ്രാബല്യത്തിൽ വരികയുള്ളൂ.

ബേബി പൗഡറിൽ ഉപയോഗിച്ചിരുന്ന ടാൽക്കിൽ അസ്ബസ്റ്റോസ് സാന്നിധ്യമുണ്ടായിരുന്നുവെന്നും അതാണ് അണ്ഡാശയ അർബുദം ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നുമാണ് പരാതിക്കാരുടെ പ്രധാന ആരോപണം. എന്നാൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും കാൻസറുമായി നേരിട്ട് ബന്ധമുണ്ടെന്ന ആരോപണം അംഗീകരിക്കുന്നില്ലെന്നും ജോൺസൺ ആൻഡ് ജോൺസൺ ആവർത്തിച്ചു.

ആരോപണങ്ങൾ ശരിവെച്ചതിന്റെ അടിസ്ഥാനത്തിലല്ല ഒത്തുതീർപ്പെന്ന് കമ്പനി വ്യക്തമാക്കി. വർഷങ്ങളായി തുടരുന്ന നിയമപോരാട്ടം, വൻ സാമ്പത്തിക ചെലവ്, അനിശ്ചിതത്വം എന്നിവ അവസാനിപ്പിക്കാനാണ് ഈ തീരുമാനമെന്നാണ് വിശദീകരണം.

കരാർ പ്രകാരം 2027-ൽ 3 ബില്യൺ ഡോളർ വിതരണം ചെയ്യും. ശേഷിക്കുന്ന തുക 2028-ൽ നൽകും. ഒത്തുതീർപ്പ് പദ്ധതിയിൽ കൂടുതൽ അർഹരായ പരാതിക്കാർ ഉൾപ്പെട്ടാൽ ആകെ നഷ്ടപരിഹാര തുക 7 ബില്യൺ ഡോളർ വരെ ഉയരാനിടയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നേരത്തെ കേസുകളിൽ നിന്ന് സംരക്ഷണം നേടാൻ പാപ്പരത്വ നിയമത്തിന്റെ ആനുകൂല്യം തേടി കമ്പനി കോടതിയെ സമീപിച്ചിരുന്നെങ്കിലും ആ ശ്രമം വിജയിച്ചിരുന്നില്ല. വിവാദങ്ങൾ രൂക്ഷമായതിനെ തുടർന്ന് 2020-ൽ അമേരിക്കയിൽ ടാൽക്ക് അധിഷ്ഠിത ബേബി പൗഡറുകളുടെ വിൽപ്പന അവസാനിപ്പിച്ച കമ്പനി, പിന്നീട് കോൺസ്റ്റാർച്ച് അധിഷ്ഠിത ഉൽപ്പന്നങ്ങളിലേക്ക് മാറിയിരുന്നു.