നിർമാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തിന് ഇളവ് പരിഗണിക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി

തമിഴ്നാട്ടിലെ നിയന്ത്രണം കേരളത്തിലെ നിർമാണ മേഖലയെ ബാധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

നിർമാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തിന് ഇളവ് പരിഗണിക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് മെറ്റൽ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കേരളത്തിന് പ്രത്യേക ഇളവ് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മഹാബലിപുരത്ത് നടന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തമിഴ്നാട്ടിലെ നിയന്ത്രണം കേരളത്തിലെ നിർമാണ മേഖലയെ ബാധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

കേരളത്തിലേക്കുള്ള നിർമാണ സാമഗ്രികളുടെ നീക്കവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം നേരത്തെയും കേരളം തമിഴ്നാട് സർക്കാരിന് മുന്നിൽ ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

വിഷയത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ കൂടുതൽ ചർച്ചകൾ നടത്താനും തുടർന്ന് ഉചിതമായ തീരുമാനം കൈക്കൊള്ളാനുമാണ് കൂടിക്കാഴ്ചയിൽ ധാരണയായത്. നിയന്ത്രണങ്ങളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്ന കാര്യം തമിഴ്നാട് സർക്കാർ പരിശോധിക്കുമെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്.

നിർമാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയെ നിയന്ത്രണം ബാധിക്കാതിരിക്കാനും കേരളത്തിലേക്കുള്ള സാധനങ്ങളുടെ നീക്കം സുഗമമാക്കാനും നടപടി സഹായിക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ.