സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ചികിത്സയും മികച്ച വിദ്യാഭ്യാസവും: ആരോഗ്യരംഗത്ത് വിപ്ലവത്തിനൊരുങ്ങി ടാറ്റ ട്രസ്റ്റ്‌സ്, വരുന്നു പുതിയ 50 ആശുപത്രികള്‍

ടാറ്റ ട്രസ്റ്റ്സ് ഇതിനകം തന്നെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നിരവധി പദ്ധതികൾക്ക് പിന്തുണ നൽകുന്നുണ്ട്

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ചികിത്സയും മികച്ച വിദ്യാഭ്യാസവും:  ആരോഗ്യരംഗത്ത് വിപ്ലവത്തിനൊരുങ്ങി ടാറ്റ ട്രസ്റ്റ്‌സ്, വരുന്നു പുതിയ 50 ആശുപത്രികള്‍

ഇന്ത്യയിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വമ്പന്‍ വികസന പദ്ധതികളുമായി ടാറ്റ ട്രസ്റ്റ്‌സ് മുന്നോട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 മുതല്‍ 50 വരെ ലാഭേച്ഛയില്ലാത്ത ജനറല്‍ ആശുപത്രികള്‍ സ്ഥാപിക്കുമെന്ന് ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റ വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ പുതിയ ആശുപത്രി ശൃംഖലയ്‌ക്കൊപ്പം, രാജ്യത്ത് ലോകോത്തര നിലവാരമുള്ള സര്‍വകലാശാലകള്‍ വളര്‍ത്തിയെടുക്കാനും ട്രസ്റ്റ് മുന്‍കൈയെടുക്കും.

ഇന്ത്യയുടെ സമഗ്ര വികസനത്തിന് ആരോഗ്യവും വിദ്യാഭ്യാസവും അത്യാവശ്യമാണെന്ന നിലപാടിലാണ് ടാറ്റ ട്രസ്റ്റ്‌സ്. രാജ്യത്ത് മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും അതിനായി കൂടുതല്‍ മൂലധന നിക്ഷേപവും അനുയോജ്യമായ അന്തരീക്ഷവും ഒരുക്കേണ്ടതുണ്ടെന്നും നോയല്‍ ടാറ്റ ചൂണ്ടിക്കാട്ടി. മുന്‍പ് ഐ.ഐ.എം ബാംഗ്ലൂരിന്റെ ബിരുദ പഠന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതുപോലെ, വരുംനാളുകളിലും രാജ്യത്തിന്റെ മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങളും ഉന്നത വിദ്യാഭ്യാസ രംഗവും കൂടുതല്‍ ശക്തമാക്കാന്‍ ദീര്‍ഘകാല സ്വാധീനമുള്ള ഇത്തരം പദ്ധതികളിലൂടെ സാധിക്കുമെന്നാണ് ട്രസ്റ്റ് പ്രതീക്ഷിക്കുന്നത്.