മാപ്പാക്കണം ഭഗവാനേ! വിഗ്രഹത്തിന് മുന്നിൽ തൊഴുത് മാപ്പ് ചോദിച്ച് കാണിക്കവഞ്ചി കവർന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
നാഗ്പൂരിൽ ശീതളമാതാ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു
നാഗ്പുര്‍: ദൈവത്തോട് മാപ്പ് അപേക്ഷിച്ച് തൊഴുത ശേഷം ക്ഷേത്രത്തില്‍ മോഷണം നടത്തി കള്ളന്മാര്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ശീതളമാതാ ക്ഷേത്രത്തിലാണ് അപൂര്‍വ്വമായ ഈ സംഭവം നടന്നത്. ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. മോഷണത്തിന് മുന്‍പ് പ്രതികള്‍ ദൈവത്തിന് മുന്നില്‍ തൊഴുത് മാപ്പ് ചോദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ 28-ന് പുലര്‍ച്ചെ 2:20-നാണ് അപൂര്‍വ്വമായ ഈ മോഷണം നടന്നത്. രണ്ടാളുകള്‍ ക്ഷേത്ര പരിസരത്തേക്ക് എത്തുന്നതും കാണിക്കവഞ്ചി കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിലൊരാള്‍ വിഗ്രഹത്തിന് മുന്നില്‍ തൊഴുത് മാപ്പ് അപേക്ഷിച്ച് മറ്റാരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിച്ചു നില്‍ക്കുമ്പോള്‍, രണ്ടാമന്‍ കാണിക്കവഞ്ചി തുറക്കാന്‍ പാടുപെടുകയായിരുന്നു. തുടര്‍ന്ന് പണിപ്പെട്ട് പൂട്ട് പൊളിച്ച പ്രതികള്‍ പണം മുഴുവന്‍ ബാഗിലാക്കി സ്ഥലത്തുനിന്ന് മുങ്ങി.
രാവിലെ എട്ടുമണിയോടെ ക്ഷേത്രത്തിലെത്തിയ അധികൃതരാണ് കാണിക്കവഞ്ചി തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് കൗതുകകരമായ ഈ മോഷണ വിവര പുറത്തറിഞ്ഞത്. ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments ()