ഷാർജയിൽ ഗതാഗത നിയന്ത്രണം; ഓഗസ്റ്റ് 16 മുതൽ താത്കാലിക മാറ്റങ്ങൾ

വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക

ഷാർജയിൽ ഗതാഗത നിയന്ത്രണം; ഓഗസ്റ്റ് 16 മുതൽ താത്കാലിക മാറ്റങ്ങൾ

ഷാര്‍ജ: ഷാര്‍ജയിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റും മലീഹ സ്ട്രീറ്റും ചേരുന്ന കവലയില്‍ ഓഗസ്റ്റ് 16 ഞായറാഴ്ച മുതല്‍ താത്കാലിക റോഡ് വഴിതിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കവലകളുടെ ഘട്ടംഘട്ടമായുള്ള നവീകരണ പ്രവൃത്തികള്‍ ലക്ഷ്യമിട്ടാണ് ഈ മാറ്റം.

ഈ മേഖലയിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ ട്രാഫിക് ഡൈവേര്‍ഷന്‍ മാപ്പ് പരിശോധിച്ച് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കാനും, ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി യാത്രകള്‍ നേരത്തെ പ്ലാന്‍ ചെയ്ത് തടസ്സങ്ങളില്ലാതെ ഇറങ്ങാനും അതോറിറ്റി നിര്‍ദ്ദേശിക്കുന്നു.

താത്കാലിക ട്രാഫിക് സൈനുകളും സുരക്ഷാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും, നവീകരണം നടക്കുന്ന പ്രധാന കവലയിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ നിയന്ത്രണങ്ങളോട് പ്രവൃത്തികള്‍ പൂര്‍ത്തിയായി ഗതാഗതം സാധാരണ നിലയിലാകുന്നതുവരെ പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.