ഇറാനിൽ വീണ്ടും സൈനിക നീക്കത്തിന് യുഎസ് നീക്കം? ആക്രമണസാധ്യത തള്ളി പറയാതെ ട്രംപ്

ഞായറാഴ്ച തന്നെ ആക്രമണം നടന്നേക്കാമെന്ന സാധ്യത അദ്ദേഹം പരാമർശിച്ചെങ്കിലും ഇറാനുമായി സമാധാനകരാറിൽ എത്താനുള്ള അവസരം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും വ്യക്തമാക്കി

ഇറാനിൽ വീണ്ടും സൈനിക നീക്കത്തിന് യുഎസ് നീക്കം? ആക്രമണസാധ്യത തള്ളി പറയാതെ ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരായ അടുത്ത സൈനിക നീക്കത്തെക്കുറിച്ചുള്ള സൂചനകൾ നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഞായറാഴ്ച തന്നെ ആക്രമണം നടന്നേക്കാമെന്ന സാധ്യത അദ്ദേഹം പരാമർശിച്ചെങ്കിലും ഇറാനുമായി സമാധാനകരാറിൽ എത്താനുള്ള അവസരം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഫ്ലോറിഡയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

സൈനിക നടപടി സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. ആക്രമണത്തിന് സാധ്യതയുണ്ടെന്നും അതേസമയം ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ വലിയൊരു കരാറിലെത്താനും കഴിയുമെന്നും ട്രംപ് പറഞ്ഞു. ഇതോടെ ഇറാനെതിരായ അമേരിക്കയുടെ അടുത്ത നീക്കത്തെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.

ഇറാനെതിരെ 'എപ്പിക് ഫ്യൂറി' എന്ന പേരിൽ പുതിയ സൈനിക പ്രചാരണം ആരംഭിച്ചേക്കുമെന്ന് വെള്ളിയാഴ്ച ഫ്ലോറിഡയിലെ റാലിയിലും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഗൾഫ് മേഖലയിലെ കടലിനടിയിലൂടെയുള്ള ആശയവിനിമയ കേബിളുകൾ തകർക്കാൻ ഇറാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഈ ആരോപണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കും നേതാക്കളുടെ ഓഫീസുകൾക്കും നേരെ വ്യോമാക്രമണം നടത്തിയിരുന്നു. അന്നത്തെ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി ആ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പുതിയ ആക്രമണസാധ്യതയെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശങ്ങൾക്കിടെ, മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ എങ്ങനെ മുന്നോട്ടുപോകുമെന്നതിലാണ് ശ്രദ്ധ.