തായ്‌ലൻഡ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വിസയില്ലാതെ തങ്ങാവുന്ന കാലാവധി കുറച്ചു; കരമാർഗ്ഗമുള്ള യാത്രയ്ക്കും നിയന്ത്രണം

ഇന്ത്യൻ വിനോദസഞ്ചാരികൾക്കുള്ള വിസ ഇളവ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി തായ്‌ലൻഡ്

തായ്‌ലൻഡ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വിസയില്ലാതെ തങ്ങാവുന്ന കാലാവധി കുറച്ചു; കരമാർഗ്ഗമുള്ള യാത്രയ്ക്കും നിയന്ത്രണം

തായ്‌ലൻഡിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്കുള്ള വിസ ഇളവ് നിയമങ്ങളിൽ തായ് സർക്കാർ ഭേദഗതി വരുത്തി. വിസയില്ലാതെ രാജ്യത്ത് തങ്ങാവുന്ന സമയപരിധി നേരത്തെ അനുവദിച്ചിരുന്ന 60 ദിവസത്തിൽ നിന്ന് 30 ദിവസമായി വെട്ടിച്ചുരുക്കിയതാണ് പ്രധാന മാറ്റം. ഓഗസ്റ്റ് 31-ന് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം സെപ്റ്റംബർ 15 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക.

വിസ രഹിത പ്രവേശനത്തിനുള്ള അനുമതി തുടരുമെങ്കിലും 2024 മുതൽ നിലവിലുണ്ടായിരുന്ന സംവിധാനത്തിലാണ് ഇതോടെ മാറ്റമുണ്ടാകുന്നത്. ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബഹ്‌റൈൻ, ബെൽജിയം തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെയും ഈ തീരുമാനം ബാധിക്കും. അതേസമയം മൗറീഷ്യസ്, സെയ്‌ഷെൽസ് രാജ്യങ്ങളിലെ പൗരന്മാർക്ക് 15 ദിവസത്തേക്ക് മാത്രമായിരിക്കും പ്രവേശനാനുമതി.

ഒരു മാസത്തിൽ താഴെ മാത്രം തായ്‌ലൻഡിൽ ചെലവഴിക്കാൻ പ്ലാൻ ചെയ്യുന്ന സഞ്ചാരികൾക്ക് പുതിയ തീരുമാനം മൂലം ആശങ്കപ്പെടേണ്ടതില്ല. 30 ദിവസത്തെ വിസയില്ലാത്ത താമസം ആവശ്യമെങ്കിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിന് വിധേയമായി 30 ദിവസം കൂടി നീട്ടി നൽകാൻ തായ് എംബസി മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ 60 ദിവസത്തിൽ കൂടുതൽ രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി തായ് വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്.

ഇതിനൊപ്പം കരമാർഗ്ഗമുള്ള വിസ രഹിത പ്രവേശനത്തിനും തായ്‌ലൻഡ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമപ്രകാരം ഒരു വർഷത്തിൽ പരമാവധി രണ്ടുതവണ മാത്രമേ കരമാർഗ്ഗം ഇത്തരത്തിൽ പ്രവേശിക്കാൻ സാധിക്കൂ. വിമാനമാർഗ്ഗമുള്ള യാത്രയ്ക്ക് നിലവിൽ പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും, പതിവായി തായ്‌ലൻഡ് സന്ദർശിക്കുന്ന സഞ്ചാരികൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരിൽ നിന്നും യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ചോദ്യ ചോദ്യം ചെയ്യലുകൾ നേരിടേണ്ടി വന്നേക്കാം.