'സിജെപി പ്രതിഷേധം സമാധാനപരമായിരുന്നു; പൊലീസ് അതിക്രമിച്ചു'; ദിയ സനയുടെ ആരോപണം
പ്രതിഷേധക്കാർക്ക് നേരെയുള്ള പൊലീസ് നടപടികൾ കടുത്തതാണെന്നും സമര സ്ഥലത്തെ സാഹചര്യം ആശങ്കാജനകമാണെന്നും ദിയ സന സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനത പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം ശക്തമാകുന്നതിനിടെ, സമരത്തിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച് ബിഗ് ബോസ് മലയാളം മുൻ മത്സരാർഥി ദിയ സന. പ്രതിഷേധക്കാർക്ക് നേരെയുള്ള പൊലീസ് നടപടികൾ കടുത്തതാണെന്നും സമര സ്ഥലത്തെ സാഹചര്യം ആശങ്കാജനകമാണെന്നും ദിയ സന സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതായും വിവിധ രാസവസ്തുക്കൾ ഉപയോഗിച്ചതായും ദിയ സന ആരോപിച്ചു. ഇതുമൂലം ശരീരത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെട്ടെന്നും പ്രതിഷേധക്കാരോട് പൊലീസ് കടുത്ത രീതിയിലാണ് പെരുമാറുന്നതെന്നും അവർ പറഞ്ഞു.
സമരം സമാധാനപരമായാണ് മുന്നോട്ട് പോകുന്നതെന്നും പങ്കെടുക്കുന്നവർ മുദ്രാവാക്യം വിളിക്കുന്നതല്ലാതെ അക്രമങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും ദിയ സന വ്യക്തമാക്കി. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും സർക്കാർ ജനങ്ങളോട് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ആയിരക്കണക്കിന് വിദ്യാർഥികളും യുവാക്കളും പങ്കെടുത്ത പ്രതിഷേധ പരിപാടികളിൽ ബിഗ് ബോസ് മലയാളം മുൻ താരം രഞ്ജിനി ഹരിദാസും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജന്തർ മന്തറിലെത്തിയിരുന്നു
Comments ()