'സർക്കാർ സംവാദമല്ല, അടിച്ചമർത്തലാണ് തിരഞ്ഞെടുക്കുന്നത്'; കേന്ദ്രത്തിനെതിരെ സോണിയയും രാഹുലും
വിദ്യാർഥികളുടെ ആവശ്യങ്ങൾ അവഗണിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആരോപിച്ചു
ദില്ലി: നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളെ ചൊല്ലിയുള്ള പ്രതിഷേധം രാജ്യത്ത് കൂടുതൽ ശക്തമാകുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതൃത്വം. വിദ്യാർഥികളുടെ ആവശ്യങ്ങൾ അവഗണിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആരോപിച്ചു.
വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിക്ക് കേന്ദ്ര സർക്കാർ ഉത്തരവാദിയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. കർഷകരെയും സാമൂഹിക പ്രവർത്തകരെയും പോലെ ഇപ്പോൾ വിദ്യാർഥികളുടെയും ശബ്ദം അടിച്ചമർത്താനാണ് ശ്രമമെന്നും, വിദ്യാർഥി സമരത്തിന് കോൺഗ്രസ് പൂർണ പിന്തുണ നൽകുമെന്നും അവർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ബലപ്രയോഗം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയർത്തിയുള്ള പ്രക്ഷോഭം തുടരുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) അറിയിച്ചു. വാങ്ചുക്കിന്റെ സമരം രാജ്യത്തിന്റെ മനസ്സാക്ഷിയെ ഉണർത്തിയ പോരാട്ടമായിരുന്നുവെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. അദ്ദേഹത്തിന്റെ സമരത്തിന് നന്ദി അറിയിച്ച ദിപ്കെ, ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കി.
സിജെപി ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കും. സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുകയാണ്. ഗാന്ധി സ്മൃതിയിലേക്കുള്ള പ്രതിഷേധ മാർച്ചിന് പിന്നാലെ പാർലമെന്റിലും ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം തുടരുമെന്നാണ് സൂചന.
Comments ()