ഭാര്യയ്ക്ക് മെസ്സേജ് അയച്ചതിന് യുവാവിന് നേരെ പെപ്പര്‍ സ്‌പ്രേ; ഒടുവില്‍ എസ്.ഐക്ക് 'പണികിട്ടി', പിഴ ശമ്പളത്തില്‍ നിന്ന്

യുവാവിന്റെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ച ചിറയിന്‍കീഴ് മുന്‍ എസ്.ഐ സുമേഷ് ലാലിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തു

ഭാര്യയ്ക്ക് മെസ്സേജ് അയച്ചതിന് യുവാവിന് നേരെ പെപ്പര്‍ സ്‌പ്രേ; ഒടുവില്‍ എസ്.ഐക്ക് 'പണികിട്ടി', പിഴ ശമ്പളത്തില്‍ നിന്ന്

തിരുവനന്തപുരം: കുടുംബ കോടതിയില്‍ വിവാഹമോചന കേസ് നിലവിലിരിക്കെ, ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ചെന്ന പരാതിയില്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവിന്റെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ച ചിറയിന്‍കീഴ് മുന്‍ എസ്.ഐ സുമേഷ് ലാലിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തു. 2023-ല്‍ ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ചിറയിന്‍കീഴ് കുറക്കട സ്വദേശി ശ്രീനാഥുമായി സംസാരിക്കുന്നതിനിടയില്‍ പ്രകോപിതനായ എസ്.ഐ, ശ്രീനാഥിന്റെ മുഖത്തേക്ക് പെപ്പര്‍ സ്‌പ്രേ അടിക്കുകയായിരുന്നു. ഈ ക്രൂരതയ്‌ക്കെതിരെ യുവാവ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കമ്മീഷന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

യുവാവിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയതിനെ തുടര്‍ന്ന്, ജില്ലാ പോലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് ബോധ്യപ്പെടുകയും അത് കമ്മിഷനെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഐ.ജി.യുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മിഷന്റെ പ്രത്യേക അന്വേഷണ വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിലും എസ്.ഐ കുറ്റക്കാരനാണെന്ന് കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍, മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടതനുസരിച്ച് പരാതിക്കാരനായ ചിറയിന്‍കീഴ് സ്വദേശി ശ്രീനാഥിന് സര്‍ക്കാര്‍ 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം കമ്മിഷന്‍ രജിസ്ട്രാറെ അറിയിച്ചത്. ഈ തുക സര്‍ക്കാര്‍ ആദ്യം പരാതിക്കാരന് നല്‍കിയ ശേഷം, കുറ്റക്കാരനായ എസ്.ഐ.യുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കാനും കമ്മിഷന്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.