റെക്കോര്‍ഡ് ചൂടിലേക്ക് കുവൈത്ത്, പൊതുജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക

ജൂലൈ 16-ഓടെ ഈ വര്‍ഷത്തെ വേനല്‍ക്കാലം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

റെക്കോര്‍ഡ് ചൂടിലേക്ക് കുവൈത്ത്, പൊതുജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക

യുഎഇ: കുവൈത്തില്‍ കനത്ത ചൂടിനും വരണ്ട ചൂടുകാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജൂലൈ 16-ഓടെ ഈ വര്‍ഷത്തെ വേനല്‍ക്കാലം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

രാജ്യം വേനല്‍ക്കാലത്തിന്റെ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നതോടെ സൂര്യന്റെ താപതീവ്രത പരമാവധി ഉയരുന്ന സാഹചര്യമാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 16-ഓടെ വേനല്‍ അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ അന്തരീക്ഷ താപനിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകും. ഉയര്‍ന്ന ചൂടിനൊപ്പം വരണ്ട കാലാവസ്ഥയും ശക്തമായ ചൂടുകാറ്റും അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍, ഉച്ചസമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. കൂടാതെ, ആവശ്യമായ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും അതിശക്തമായ ചൂടുള്ള സമയങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.