റീലുകളിലെ സ്വര്ണപ്രദർശനം വിനയായി; നാഗർകോവിലിൽ യൂട്യൂബറുടെ വീട്ടിൽ വൻ മോഷണം
ഒരുകോടിയോളം മൂല്യമുള്ള സ്വര്ണ - വജ്രാഭരണങ്ങളും അമ്പതിനായിരും രൂപയുമാണ് യുവതിക്ക് നഷ്ടമായത്.
സമൂഹമാധ്യമങ്ങളിലൂടെ ആഡംബര ജീവിതവും സ്വര്ണ-പണ ശേഖരവും നിരന്തരം പ്രദര്ശിപ്പിച്ചിരുന്ന സോഷ്യല് മീഡിയ ഇന്ഫ്ലുവന്സറുടെ വീട്ടില് വന് കവര്ച്ച. കന്യാകുമാരി നാഗര്കോവിലിലെ 'വിഐപി ഗാര്ഡന് ഹൗസില്' താമസിക്കുന്ന മധുമിതയുടെ വീട്ടില് നിന്നാണ് ഒരുകോടി രൂപയോളം മൂല്യമുള്ള 120 പവന് സ്വര്ണവും വജ്രാഭരണങ്ങളും അമ്പതിനായിരം രൂപയും മോഷ്ടിക്കപ്പെട്ടത്. വ്യാഴാഴ്ച കുടുംബാംഗങ്ങള് ഷോപ്പിങ്ങിന് പോയ സമയത്താണ് വീടിന്റെ ലോക്കര് കുത്തിത്തുറന്ന് കവര്ച്ച നടത്തിയത്.
യൂട്യൂബിലും മറ്റ് സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലുമായി 4.5 ലക്ഷത്തോളം ഫോളോവേഴ്സുള്ള മധുമിത, കെട്ടുകണക്കിന് പണവും ആഭരണങ്ങളും കുഞ്ഞിനെ പണം കൊണ്ട് മൂടുന്നതുമുള്പ്പെടെയുള്ള വീഡിയോകളും നിരന്തരം പങ്കുവെച്ചിരുന്നു. ഇന്ഫ്ലുവന്സറുടെ റീലുകളും സോഷ്യല് മീഡിയ പോസ്റ്റുകളും നിരീക്ഷിച്ച് താമസസ്ഥലവും വീട്ടിലെ സാഹചര്യങ്ങളും മനസ്സിലാക്കിയാകാം മോഷ്ടാക്കള് കവര്ച്ച നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില് മധുമിത നല്കിയ പരാതിയുടെ അടിസ്ഥാനത്തില് പ്രതികളെ കണ്ടെത്താനായി പൊലീസ് അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ച് തിരച്ചില് ഊര്ജ്ജിതമാക്കിയിട്ടുണ്ട്.
Comments ()