തിരുവനന്തപുരം എയർപോർട്ടിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

വിമാനത്താവളം നടത്തിപ്പ് കമ്പനിയായ അദാനിയാണ് വന്‍ തുക ഈടാക്കുന്നത്. ഈ മാസം ഒന്നുമുതലാണ് പുതിയ നിരക്ക് ഏര്‍പ്പെടുത്തിയത്.

തിരുവനന്തപുരം എയർപോർട്ടിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം വിമാനത്താവളത്തിൽ ഒക്ടോബർ ഒന്ന് മുതൽ നടത്തിപ്പ് കമ്പനിയായ അദാനി ഗ്രൂപ്പ് നടപ്പിലാക്കിയ ഭീമമായ പാർക്കിങ് ഫീസ് വർധനവിനെതിരെ വലിയ പ്രതിഷേധം ഉയരുന്നു. ടാക്സികളുടെ എൻട്രി ഫീസ് പിൻവലിക്കുക, തൊഴിലാളികളുടെ പാർക്കിങ് ഫീസ് പൂർണ്ണമായി ഒഴിവാക്കുക, സൗജന്യ പ്രവേശന സമയം 15 മിനിറ്റായി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് ശക്തമായ സമരത്തിലേക്ക് കടക്കുകയാണ്.

പുതുക്കിയ നിരക്കനുസരിച്ച് ഇരുചക്രവാഹനങ്ങൾക്ക് അരമണിക്കൂറിലേക്ക് 50 രൂപയും ഒരു മണിക്കൂറിലേക്ക് 100 രൂപയുമാണ് ഈടാക്കുന്നത്; തുടർന്നുള്ള ഓരോ മണിക്കൂറിനും 100 രൂപ വീതം 24 മണിക്കൂറിലേക്ക് ആകെ 300 രൂപ നൽകണം. ഓട്ടോറിക്ഷകൾക്കും മറ്റ് മുച്ചക്രവാഹനങ്ങൾക്കും ആദ്യ 8 മിനിറ്റിന് 50 രൂപയും അരമണിക്കൂറിന് 80 രൂപയും ഒരു മണിക്കൂറിന് 100 രൂപയുമാണ് ഫീസ്. തുടർന്ന് മണിക്കൂറുകൾക്കനുസരിച്ച് ഫീസ് ഉയർന്ന് 24 മണിക്കൂർ പാർക്കിങ്ങിന് 500 രൂപയാകും.

സ്വകാര്യ നാലുചക്രവാഹനങ്ങൾക്ക് ആദ്യ 8 മിനിറ്റ് പ്രവേശനം സൗജന്യമാണെങ്കിലും, അരമണിക്കൂറിന് 150 രൂപയും ഒരു മണിക്കൂറിന് 200 രൂപയുമാണ് നിരക്ക്. തുടർന്ന് മണിക്കൂറിന് 100 രൂപ വീതം കൂടി 24 മണിക്കൂറിലേക്ക് 1000 രൂപ നൽകേണ്ടിവരും. ടെമ്പോ, കാരവൻ, ബസ്, ട്രക്ക് തുടങ്ങിയ വലിയ വാഹനങ്ങൾക്ക് 8 മിനിറ്റ് മുതൽ അരമണിക്കൂർ വരെ 600 രൂപയും, തുടർന്നുള്ള ഓരോ മണിക്കൂറിനും 200 രൂപ അധികവും ഈടാക്കും; 24 മണിക്കൂറിലേക്ക് 3000 രൂപയാണ് നിരക്ക്.

വിമാനത്താവളത്തിലെ അന്താരാഷ്ട്ര-ആഭ്യന്തര ടെർമിനലുകളിൽ ജോലി ചെയ്യുന്ന വിവിധ വിഭാഗങ്ങളിലെ തൊഴിലാളികളെയും ഈ നിരക്കുവർധന കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാൽ, കമ്പനിയുടെ ചുമതലയിലുള്ള എല്ലാ വിമാനത്താവളങ്ങളിലും പാർക്കിങ്, എൻട്രി ഫീസുകൾ ഏകീകരിച്ചതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും നിരക്ക് കൂട്ടിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.