ഭാര്യയ്ക്കും മകൾക്കും പിന്നാലെ തോമസും മരിച്ചു; കോട്ടയം കുടുംബ ആത്മഹത്യാശ്രമത്തിൽ മരണസംഖ്യ മൂന്നായി

നേരത്തെ ഭാര്യ ജോസ്നയും മകൾ മരിയ തെരേസയും ചികിത്സയ്ക്കിടെ മരിച്ചിരുന്നു. മകൻ അലൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്

ഭാര്യയ്ക്കും മകൾക്കും പിന്നാലെ തോമസും മരിച്ചു; കോട്ടയം കുടുംബ ആത്മഹത്യാശ്രമത്തിൽ മരണസംഖ്യ മൂന്നായി

കോട്ടയം: കൂരോപ്പടയിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരണത്തിന് കീഴടങ്ങി. ചികിത്സയിലായിരുന്ന തോമസ് എബ്രഹാമാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ ഭാര്യ ജോസ്നയും മകൾ മരിയ തെരേസയും ചികിത്സയ്ക്കിടെ മരിച്ചിരുന്നു. മകൻ അലൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.

ജൂലൈ 13ന് മണ്ണൂർപള്ളി–പൂവത്തിളപ്പ് റോഡിന് സമീപത്തെ കുടുംബവീട്ടിലാണ് നാലുപേരെയും അവശനിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് എല്ലാവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കീടനാശിനി ഉള്ളിൽച്ചെന്നതാണെന്ന് സ്ഥിരീകരിച്ചത്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം. സാമ്പത്തിക ഇടപാടുകൾ, ബാധ്യതകൾ, കുടുംബത്തിന്റെ മറ്റ് സാഹചര്യങ്ങൾ എന്നിവ പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും പ്രദേശവാസികൾ ഉയർത്തിയിട്ടുണ്ട്.