പാദരക്ഷകൾ വിദ്യാർത്ഥികളുടെ ബൗദ്ധികവളർച്ചയെ സ്വാധീനിക്കുന്നതെങ്ങനെ? ഡോ തോമസ് കോയാട്ട് എഴുതുന്നു

സുരക്ഷാ-പാദരക്ഷാ രംഗത്ത് മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഡോ. തോമസ് കോയാട്ട്, നിലവില്‍ പിറ്റ്ബുള്‍ ആന്‍ഡ് ഫോറസ് സേഫ്റ്റി ഗ്രൂപ്പിന്റെ തലവനായി സേവനമനുഷ്ഠിക്കുന്നു.

പാദരക്ഷകൾ വിദ്യാർത്ഥികളുടെ ബൗദ്ധികവളർച്ചയെ സ്വാധീനിക്കുന്നതെങ്ങനെ?  ഡോ തോമസ് കോയാട്ട് എഴുതുന്നു

കുട്ടികളുടെ വളര്‍ച്ചയില്‍ നാം കാട്ടുന്ന ചില അശ്രദ്ധകളെക്കുറിച്ചുള്ള ഗൗരവതരമായ മുന്നറിയിപ്പാണ് ലോകപ്രശസ്ത ശാസ്ത്രീയ ജേണലായ 'ഫ്രോണ്ടിയേഴ്സ് ഇന്‍ പീഡിയാട്രിക്സ്' അടുത്തിടെ പുറത്തുവിട്ട ഒരു പഠനം. നഗ്‌നപാദരായി പ്രകൃതിയോട് ചേര്‍ന്നു വളരുന്ന കുട്ടികളുടെ ശരീരവും നാഡീവ്യൂഹവും, നിരന്തരം ഇറുകിയ ഷൂസുകള്‍ ധരിക്കുന്ന കുട്ടികളേക്കാള്‍ മികച്ച രീതിയില്‍ വികാസം പ്രാപിക്കുന്നു എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. മനുഷ്യന്റെ പാദത്തിനടിയിലുള്ള രണ്ടു ലക്ഷത്തോളം നാഡീമുകുളങ്ങള്‍ ഭൂമിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുമ്പോള്‍, അവ തലച്ചോറിലേക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കും. ഇത് കുട്ടികളുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥയും ബൗദ്ധിക ഉണര്‍വും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. എന്നാല്‍, കട്ടിയുള്ളതും ഇറുകിയതുമായ പാദരക്ഷകള്‍ ധരിക്കുമ്പോള്‍ തലച്ചോറിലേക്കുള്ള ഈ ആശയവിനിമയം തടസ്സപ്പെടുകയാണ് ചെയ്യുന്നത്. ശാസ്ത്രം ചൂണ്ടിക്കാണിക്കുന്ന ഈ യാഥാര്‍ത്ഥ്യം വിസ്മരിച്ച് ഫാഷന്റെ പിന്നാലെ പോകുമ്പോള്‍, പുതിയ തലമുറയുടെ ശാരീരിക-മാനസിക വളര്‍ച്ചയിലാണ് നാം വലിയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്.

മനുഷ്യന്‍ പ്രപഞ്ചവുമായി ബന്ധപ്പെടുന്നത് അവന്റെ പാദങ്ങളിലൂടെയാണ്. ഭൂമിയുടെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന ഈ പാദങ്ങളെ, ശരീരത്തിന്റെ ഭാരം ചുമക്കുന്ന വെറുമൊരു അവയവമായി മാത്രമാണ് പലപ്പോഴും നാം കാണാറുള്ളത്. എന്നാല്‍, മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് കാലിന്റെ പാദം. ഈ സത്യം മറന്നുകൊണ്ട് നാം മുന്നോട്ടുപോകുമ്പോള്‍, പ്രത്യേകിച്ച് വളര്‍ന്നുവരുന്ന കുട്ടികളുടെ കാര്യത്തില്‍, അത് വലിയ ദോഷങ്ങള്‍ വരുത്തിവെക്കും.

വളര്‍ന്നുവരുന്ന കുട്ടികളുടെയും, പ്രത്യേകിച്ച് സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെയും ചെരുപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നാം കാണിക്കുന്ന ശ്രദ്ധ അവരുടെ നാളത്തെ ആരോഗ്യത്തെത്തന്നെ ബാധിക്കുന്ന ഒന്നാണ്. കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുന്ന കാര്യമായതുകൊണ്ടുതന്നെ, ശാസ്ത്രം പറയുന്ന ഈ സത്യാവസ്ഥ സമൂഹം എത്രയും പെട്ടെന്ന് മനസ്സിലാക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ടതുണ്ട്.

ചെരുപ്പുകള്‍ തിരഞ്ഞെടുക്കുന്നത് വെറുമൊരു ഫാഷന്‍ മാത്രമല്ല, അത് നമ്മുടെ ബുദ്ധി, ആരോഗ്യം, ശരീരഘടന, ഓര്‍മ്മശക്തി എന്നിവയെപ്പോലും ബാധിക്കുന്ന ഒരു ശാസ്ത്രസത്യമാണ്. നമ്മുടെ പാദത്തിനടിയില്‍ ലക്ഷക്കണക്കിന് നാഡികളുണ്ട്. ഈ നാഡികളെ ഉണര്‍ത്തുന്നതില്‍ നാം ധരിക്കുന്ന പാദരക്ഷകള്‍ക്ക് വലിയ പങ്കുണ്ട്. ലളിതമായി പറഞ്ഞാല്‍, പാദങ്ങളിലൂടെ ലഭിക്കുന്ന ഈ ഉത്തേജനം നേരിട്ടെത്തുന്നത് തലച്ചോറിലേക്കാണ്. അവിടെയുള്ള ന്യൂറോണുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതോടെ കുട്ടികളുടെ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കുന്നു. കൂടാതെ, ശരിയായ അളവിലുള്ള പാദരക്ഷകള്‍ നമ്മുടെ ശരീരഘടനയും ആരോഗ്യവും കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കും. അതുകൊണ്ട് ശരിയായ ചെരുപ്പുകള്‍ തിരഞ്ഞെടുക്കുക എന്നത് കുട്ടികളുടെ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഒരു ശാസ്ത്രീയ കാര്യമാണ്.

ഇന്നത്തെ വിദ്യാര്‍ത്ഥികളില്‍ കാണുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണം നാം അവഗണിക്കുന്ന ഈ പാദരക്ഷാ ശാസ്ത്രമായിരിക്കാം. പാദങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത പാദരക്ഷകള്‍ ശരീരത്തിന്റെ സ്വാഭാവിക താളം തെറ്റിക്കുന്നു. തെറ്റായ പാദരക്ഷകള്‍ ശരീരത്തിന് അനാവശ്യമായ ആയാസം നല്‍കുകയും വളരെ വേഗത്തില്‍ അവരില്‍ പൊതുവായ ക്ഷീണം ഉണ്ടാക്കുകയും ചെയ്യുന്നു. നാഡീവ്യൂഹത്തിന് ശരിയായ ഉത്തേജനം ലഭിക്കാത്തത് കുട്ടികളില്‍ അലസതയും പഠിക്കാന്‍ താല്പര്യക്കുറവും സൃഷ്ടിക്കുന്നു എന്നത് നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്. മാത്രമല്ല, മസ്തിഷ്‌കത്തിലേക്കുള്ള നാഡീപ്രവാഹം മന്ദഗതിയിലാകുന്നത് അവരുടെ ഓര്‍മ്മശക്തിയെപ്പോലും പ്രതികൂലമായി ബാധിക്കുന്നു.

ഇതൊരു കേവല സിദ്ധാന്തമായി തള്ളിക്കളയേണ്ടതല്ല. പ്രായോഗികമായി പരീക്ഷിച്ചറിയേണ്ട ഒരു ശാസ്ത്രസത്യമാണിത്. നിങ്ങളുടെ കുട്ടികളുടെ പാദരക്ഷകള്‍ അവരുടെ പാദങ്ങള്‍ക്ക് അനുയോജ്യവും ശാസ്ത്രീയവുമായ രീതിയില്‍ രൂപകല്പന ചെയ്തതുമാണോ എന്ന് പരിശോധിക്കുക. ഒരു പരീക്ഷണാര്‍ത്ഥം ശരിയായ പാദരക്ഷകള്‍ കുട്ടികള്‍ക്ക് നല്‍കി നിരീക്ഷിച്ചു നോക്കിയാല്‍, അവരുടെ ഉന്മേഷത്തിലും പഠനമികവിലും ഉണ്ടാകുന്ന ഈ മാറ്റം നിങ്ങള്‍ക്ക് തന്നെ നേരിട്ട് ബോധ്യമാകുന്നതാണ്. മസ്തിഷ്‌കത്തിന്റെ ബൗദ്ധികവ്യാപാരങ്ങളെയും കുട്ടികളുടെ സമഗ്രമായ ആരോഗ്യത്തെയും പാദരക്ഷകള്‍ എത്രത്തോളം സ്വാധീനിക്കുന്നു എന്ന സത്യം നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

(പിറ്റ്ബുള്‍ ആന്‍ഡ് ഫോറസ് സേഫ്റ്റി ഗ്രൂപ്പിന്റെ മേധാവിയാണ് ഡോ. തോമസ് കോയാട്ട്,. കഴിഞ്ഞ 30 വര്‍ഷമായി സുരക്ഷാ-പാദരക്ഷാ വ്യവസായ രംഗത്തെ പ്രമുഖനാണ്. പ്രൊട്ടക്റ്റീവ്, എര്‍ഗണോമിക് ഡിസൈനുകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട വ്യക്തിയാണ് .)