വിവാഹത്തിന് പിന്നാലെ ഭീഷണി ആരോപണം; കുംഭമേള വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി
മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്
കൊച്ചി: കുംഭമേള വൈറൽ താരമായ പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. നിലവിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടി താമസിക്കുന്നതെന്ന് അറിയിച്ചതിനെ തുടർന്ന്, അവിടുത്തെ സ്റ്റേഷൻ ഹൗസ് ഓഫീസറെ കേസിൽ സ്വമേധയാ കക്ഷിചേർത്ത് ആവശ്യമായ സംരക്ഷണം നൽകാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു.
മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി വനിതാ എ.എസ്.ഐയുടെ ഫോൺ നമ്പർ നൽകിയതായി സർക്കാർ കോടതിയെ അറിയിച്ചു.
നേരത്തെ സമർപ്പിച്ച ഹർജിയിൽ പൊലീസ് സംരക്ഷണം നൽകാൻ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പെൺകുട്ടിയെ കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്ന് ആ ഉത്തരവ് പിന്നീട് പിൻവലിക്കുകയായിരുന്നു. സംരക്ഷണം ആവശ്യമെങ്കിൽ നേരിട്ടോ രേഖാമൂലമോ അപേക്ഷ നൽകാമെന്നും കോടതി നിർദേശിച്ചിരുന്നു.
തുടർന്നാണ് നിലവിലെ താമസസ്ഥലം പരിഗണിച്ച് പാലാരിവട്ടം പൊലീസിന്റെ നേതൃത്വത്തിൽ വനിതാ ഉദ്യോഗസ്ഥ മുഖേന സംരക്ഷണം ഒരുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഹർജി ഈ മാസം 28-ന് വീണ്ടും പരിഗണിക്കും.w
Comments ()