ഓണാഘോഷത്തിന് വർണാഭമായ സമാപനം; തൃശൂരിൽ ഇന്ന് പുലിക്കളി
ഇത്തവണ ഒൻപത് സംഘങ്ങളിൽ നിന്നായി ഏകദേശം 450 പുലിക്കളി കലാകാരന്മാരാണ് പങ്കെടുക്കുന്നത്. കുട്ടിപ്പുലികളും പെൺപുലികളും ഉൾപ്പെടെയുള്ള സംഘങ്ങൾ നഗരവീഥികളിലെത്തും
തൃശൂർ: ഓണാഘോഷങ്ങൾക്ക് ആവേശകരമായ സമാപനം കുറിച്ച് തൃശൂരിൽ ഇന്ന് പുലിക്കളി അരങ്ങേറും. സ്വരാജ് റൗണ്ടിൽ താളമേളങ്ങളുടെ അകമ്പടിയോടെ പുലികൾ ചുവടുവയ്ക്കുന്ന ആഘോഷത്തിന് വൈകിട്ട് നാലോടെ തുടക്കമാകും.
ഇത്തവണ ഒൻപത് സംഘങ്ങളിൽ നിന്നായി ഏകദേശം 450 പുലിക്കളി കലാകാരന്മാരാണ് പങ്കെടുക്കുന്നത്. കുട്ടിപ്പുലികളും പെൺപുലികളും ഉൾപ്പെടെയുള്ള സംഘങ്ങൾ നഗരവീഥികളിലെത്തും. പുരാണകഥകളും സമകാലിക വിഷയങ്ങളും പ്രമേയമാക്കിയ നിശ്ചലദൃശ്യങ്ങളും ഓരോ സംഘത്തിന്റെയും പ്രത്യേകതയായിരിക്കും.
വിയ്യൂർ യുവജനസംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്ക്കൽ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നീ സംഘങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ഇതിൽ ഒളരിക്കര ദേശത്തിന്റെ ആദ്യ പുലിക്കളിയാണിത്.
ഉച്ചയ്ക്ക് രണ്ടുമണിയോടെ വിവിധ ദേശങ്ങളിൽ നിന്നുള്ള പുലിക്കളി സംഘങ്ങളുടെ യാത്ര ആരംഭിക്കും. വൈകിട്ട് നാലിന് ബിനി ജങ്ഷനിൽ മന്ത്രി ഒ.ജെ. ജനീഷ് ആഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വിയ്യൂർ യുവജനസംഘമാണ് ആദ്യം സ്വരാജ് റൗണ്ടിലെത്തുക. അയ്യന്തോൾ ദേശം രാത്രി 7.20ഓടെ എത്തുന്നതോടെ സംഘങ്ങളുടെ പ്രവേശനം പൂർത്തിയാകും.
ഓരോ സംഘത്തിലും 35 മുതൽ 51 വരെ പുലിക്കളി കലാകാരന്മാരും 25 മുതൽ 35 വരെ വാദ്യകലാകാരന്മാരും അണിനിരക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംഘങ്ങൾക്ക് വിവിധ പുരസ്‌കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
താളമേളങ്ങളും പുലിക്കളിയുടെ ചടുലമായ ചുവടുകളും നിശ്ചലദൃശ്യങ്ങളും ചേർന്ന് സ്വരാജ് റൗണ്ടിനെ മണിക്കൂറുകളോളം ഉത്സവാന്തരീക്ഷത്തിലാക്കും. രാത്രി പത്തുമണിയോടെ പുലിക്കളിയും വിധിനിർണയവും പൂർത്തിയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Comments ()