ഇടുക്കിയിൽ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും തുറന്നു; മഴ മുന്നറിയിപ്പുകൾ പിൻവലിച്ച് ജില്ലാ ഭരണകൂടം
മഴക്കെടുതികൾക്കും അപകടസാധ്യതകൾക്കും മുന്നോടിയായി മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടഞ്ഞിരുന്നത്. കാലാവസ്ഥാ വകുപ്പ് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പിൻവലിച്ചതോടെയാണ് നിയന്ത്രണങ്ങൾ നീക്കിയത്
ഇടുക്കി: മഴ ശക്തമായതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. നിലവിലെ കാലാവസ്ഥാ സാഹചര്യം മെച്ചപ്പെട്ടതോടെയാണ് വിനോദസഞ്ചാരികൾക്ക് പ്രവേശനം പുനഃസ്ഥാപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
മഴക്കെടുതികൾക്കും അപകടസാധ്യതകൾക്കും മുന്നോടിയായി മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടഞ്ഞിരുന്നത്. കാലാവസ്ഥാ വകുപ്പ് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പിൻവലിച്ചതോടെയാണ് നിയന്ത്രണങ്ങൾ നീക്കിയത്.
നിലവിൽ അടുത്ത ദിവസങ്ങളിൽ ഇടുക്കിയിലോ സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലോ പ്രത്യേക മഴ മുന്നറിയിപ്പുകൾ കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയത്.
അതേസമയം, സംസ്ഥാനത്ത് മഴയുടെ സാധ്യത പൂർണമായും അവസാനിച്ചിട്ടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണം. ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലവിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
ഈ ചക്രവാതച്ചുഴി ഓഗസ്റ്റ് 12ഓടെ ന്യൂനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഓഗസ്റ്റ് 14 വരെ ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.
നിലവിലെ സാഹചര്യത്തിൽ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാൽ വിനോദസഞ്ചാരികൾ യാത്രയ്ക്ക് മുമ്പ് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
Comments ()