ആദിവാസിത്തൊഴിലാളികൾക്ക് കൂലിക്ക് പകരം മദ്യംനൽകി, പ്രതി അറസ്റ്റിൽ
വടുവൻചാൽ കോട്ടൂർ സ്വദേശി തകിടിയിൽ ടി.ജി. എൽദോ ആണ് പിടിയിലായത്.
സുൽത്താൻബത്തേരി: ആദിവാസി തൊഴിലാളികൾക്ക് കൂലിക്ക് പകരം മദ്യം നൽകി ചൂഷണം ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഒൻപതു മാസത്തിനുശേഷം പിടിയിലായി. വടുവൻചാൽ കോട്ടൂർ സ്വദേശി തകിടിയിൽ ടി.ജി. എൽദോയെയാണ് ബത്തേരി റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തും സംഘവും ബുധനാഴ്ച തന്ത്രപരമായി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഡ്രൈ ഡേ ദിനത്തിൽ കോട്ടൂരിൽ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യം അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) എം.ബി. ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ആദിവാസി യുവാക്കളെക്കൊണ്ട് ജോലി ചെയ്യിച്ച് കൂലിക്ക് പകരം മദ്യം നൽകുകയും അനധികൃത മദ്യവിൽപ്പന നടത്തുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.
തമിഴ്‌നാട് അതിർത്തി പ്രദേശമായതിനാൽ എക്‌സൈസ് നീക്കങ്ങൾ നിരീക്ഷിച്ച് രക്ഷപ്പെട്ടിരുന്ന പ്രതി മുൻപും സമാനമായ അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സുകേഷ് കുമാർ വണ്ടി ചാലിൽ, പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ, രജീഷ് രായരോത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വി. രാജീവൻ, കെ. അജയ്, ഡ്രൈവർ എൻ.എം. അൻവർ സാദത്ത് എന്നിവരും അറസ്റ്റ് സംഘത്തിൽ ഉണ്ടായിരുന്നു.
Comments ()