അമേരിക്ക-വെനസ്വേല എണ്ണ ഇടപാട്; ചരിത്രത്തിലെ ഏറ്റവും വലിയ കരാറെന്ന് ട്രംപ്

വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവർ തമ്മിൽ നടത്തിയ ചർച്ചകളിലാണ് ധാരണയിലെത്തിയതെന്ന് ട്രംപ് സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കി

അമേരിക്ക-വെനസ്വേല എണ്ണ ഇടപാട്; ചരിത്രത്തിലെ ഏറ്റവും വലിയ കരാറെന്ന് ട്രംപ്

വാഷിങ്ടൺ: വെനസ്വേലയുമായി വൻതോതിലുള്ള എണ്ണ ഇടപാടിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. കരാർ നടപ്പായാൽ വെനസ്വേലയുടെ വലിയൊരു ക്രൂഡ് ഓയിൽ ശേഖരത്തിൽ അമേരിക്കയ്ക്ക് നിയന്ത്രണം ലഭിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. രാജ്യത്തെ എണ്ണ ശേഖരം ഗണ്യമായി വർധിപ്പിക്കാനും ഇന്ധനവില കുറയ്ക്കാനും കരാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവർ തമ്മിൽ നടത്തിയ ചർച്ചകളിലാണ് ധാരണയിലെത്തിയതെന്ന് ട്രംപ് സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കി. ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇടപാടുകളിലൊന്നായിരിക്കുമിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

കരാറിലൂടെ അമേരിക്കയിലേക്കുള്ള എണ്ണ വിതരണം വർധിക്കുമെന്നും ദീർഘകാലാടിസ്ഥാനത്തിൽ പെട്രോൾ വില കുറയാൻ ഇത് വഴിയൊരുക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, പുതിയ ധാരണ വെനസ്വേലയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ് നൽകുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

വെനസ്വേലൻ എണ്ണമേഖലയിലെ അമേരിക്കൻ ഇടപെടൽ ശക്തമായ സാഹചര്യത്തിലാണ് പുതിയ കരാർ പ്രഖ്യാപനം. നിക്കോളാസ് മഡുറോയെ യുഎസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വെനസ്വേലയുടെ എണ്ണ വ്യവസായത്തിൽ വാഷിങ്ടണിന്റെ സ്വാധീനം വർധിച്ചിരുന്നു.

അമേരിക്കയിൽ ഇന്ധനവില ഉയരുന്നത് ട്രംപ് ഭരണകൂടത്തിന് രാഷ്ട്രീയ സമ്മർദ്ദം സൃഷ്ടിക്കുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. ഇറാനുമായുള്ള ദീർഘകാല സംഘർഷം ആഗോള ഊർജ വിപണിയെയും അമേരിക്കൻ ഇന്ധനവിതരണത്തെയും ബാധിച്ച സാഹചര്യത്തിൽ ആഭ്യന്തര എണ്ണവിതരണം ശക്തിപ്പെടുത്തുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.