അമേരിക്കൻ വോട്ടർമാർക്ക് 5,000 ഡോളർ വീതം; ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം

അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ തന്റെ ഭരണകാലത്ത് ശക്തമായ വളർച്ച കൈവരിച്ചെന്നും രാജ്യത്തിന് വലിയ തോതിൽ വരുമാനം ലഭിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു

അമേരിക്കൻ വോട്ടർമാർക്ക് 5,000 ഡോളർ വീതം; ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം

ഡാലസ്: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ലക്ഷ്യമിട്ട് വൻ സാമ്പത്തിക വാഗ്ദാനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിൽ ഭൂരിപക്ഷം നിലനിർത്തിയാൽ രാജ്യത്തെ ഓരോ പ്രായപൂർത്തിയായ പൗരനും 5,000 ഡോളർ വീതം നൽകുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഡാലസിൽ നടന്ന 2026ലെ റിപ്പബ്ലിക്കൻ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം.

അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ തന്റെ ഭരണകാലത്ത് ശക്തമായ വളർച്ച കൈവരിച്ചെന്നും രാജ്യത്തിന് വലിയ തോതിൽ വരുമാനം ലഭിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഈ സാമ്പത്തിക നേട്ടത്തിന്റെ ഭാഗമായാണ് പൗരന്മാർക്ക് ‘ഡിവിഡന്റ്’ നൽകാനുള്ള പദ്ധതി മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൗസിലും സെനറ്റിലും റിപ്പബ്ലിക്കൻമാർ വിജയിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

അതേസമയം, ഏകദേശം 27 കോടി മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ വീതം നൽകാൻ ആവശ്യമായ വൻ തുക എവിടെനിന്ന് കണ്ടെത്തുമെന്നതിൽ ട്രംപ് വ്യക്തത നൽകിയിട്ടില്ല. തുക വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും വ്യക്തമാക്കിയിട്ടില്ല. നേരത്തെ 2,000 ഡോളറിന്റെ താരിഫ് റിബേറ്റ് ചെക്കുകൾ നൽകുമെന്ന വാഗ്ദാനവും ട്രംപ് നടത്തിയിരുന്നു. എന്നാൽ അത്തരമൊരു പദ്ധതി നടപ്പാക്കാൻ കോൺഗ്രസിന്റെ നിയമനിർമാണം ആവശ്യമാണെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻറ് വ്യക്തമാക്കിയിരുന്നു.