സംഘർഷഭീഷണിക്കിടെ നയതന്ത്ര നീക്കം; യുഎഇ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ട്രംപ്
യുഎഇയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പരസ്പര താൽപര്യമുള്ള മേഖലകളിലെ സഹകരണവും സംഭാഷണത്തിൽ പരിഗണിച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പ്രധാന ചർച്ചയായി
അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മേഖലയിലെ സുരക്ഷാ സാഹചര്യം ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തതായി റിപ്പോർട്ട്.
യുഎഇയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പരസ്പര താൽപര്യമുള്ള മേഖലകളിലെ സഹകരണവും സംഭാഷണത്തിൽ പരിഗണിച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പ്രധാന ചർച്ചയായി.
മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി തുടർന്നും പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഇരുനേതാക്കളും പ്രകടിപ്പിച്ചു. നിലവിലെ സുരക്ഷാ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നുവെന്നാണ് വിവരം.
അതിനിടെ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് യുഎഇക്ക് നേരെ ഇറാനിൽനിന്ന് ഡ്രോൺ ആക്രമണശ്രമം ഉണ്ടായതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. യുഎഇയുടെ പ്രാദേശിക സമുദ്രാതിർത്തിക്ക് മുകളിലേക്ക് കടന്ന ഇറാനിയൻ ഡ്രോൺ വ്യോമപ്രതിരോധ സേന തടഞ്ഞതായി മന്ത്രാലയം അറിയിച്ചിരുന്നു.
സംഭവത്തിൽ ഡ്രോൺ വിജയകരമായി പ്രതിരോധിച്ചതായും രാജ്യത്തിന് നേരെയുള്ള ഭീഷണികളെ നേരിടാൻ യുഎഇ സായുധ സേന പൂർണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് ട്രംപും ശൈഖ് മുഹമ്മദും തമ്മിലുള്ള ഫോൺ സംഭാഷണം നടന്നത്. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾക്കൊപ്പം സംഘർഷം കുറയ്ക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളും ശക്തിപ്പെടുത്തുകയാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
Comments ()