ഇന്ത്യൻ പൈലറ്റിന് നേരെ ആക്രമണം; ഇറാന്റെ ബന്ധം പരിശോധിച്ച് യുഎസ്
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ളൈ ദുബായ് വിമാനത്തിലായിരുന്നു യാത്രയ്ക്കിടെ അപ്രതീക്ഷിത ആക്രമണം നടന്നത്. വിമാനത്തിന്റെ കോക്പിറ്റിൽ സഹപൈലറ്റ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ച്ഹറിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു
വാഷിങ്ടൺ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന കോക്പിറ്റ് ആക്രമണവുമായി ഇറാന് എന്തെങ്കിലും ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണത്തിന് പിന്നിൽ ഇറാന്റെ പങ്കാളിത്തമുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നും ട്രംപ് വ്യക്തമാക്കി. ബന്ധം തെളിഞ്ഞാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ളൈ ദുബായ് വിമാനത്തിലായിരുന്നു യാത്രയ്ക്കിടെ അപ്രതീക്ഷിത ആക്രമണം നടന്നത്. വിമാനത്തിന്റെ കോക്പിറ്റിൽ സഹപൈലറ്റ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ച്ഹറിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടയിലും ക്യാപ്റ്റൻ പ്രതിരോധിച്ചതോടെ വിമാനത്തിലെ മറ്റ് യാത്രക്കാർക്ക് ഇടപെടാൻ അവസരം ലഭിച്ചു.
സംഭവത്തിനിടെ കോക്പിറ്റിന്റെ വാതിൽ തുറന്നതിനെ തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് ആക്രമിയെ കീഴടക്കുകയായിരുന്നു. ഇതിനിടെ വിമാനത്തിൽ യാത്ര ചെയ്തിരുന്ന അവധിയിലുള്ള രണ്ട് പൈലറ്റുമാർ കോക്പിറ്റിലെത്തി നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.
ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ പൈലറ്റിന്റെ ഇടപെടലിനെ നേരത്തെ ട്രംപ് അഭിനന്ദിച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ക്യാപ്റ്റൻ നടത്തിയ ശ്രമത്തെ പ്രശംസിച്ച ട്രംപ് അദ്ദേഹത്തെ ‘ഹീറോ’ എന്നാണ് വിശേഷിപ്പിച്ചത്. പരിക്കേറ്റ ക്യാപ്റ്റന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിച്ചത്.
അതേസമയം, സംഭവത്തിന് പിന്നിൽ ഇറാന്റെ ഇടപെടലുണ്ടെന്നതിന് ഇതുവരെ സ്ഥിരീകരിച്ച തെളിവുകളില്ല. ആക്രമണം നടത്തിയതായി പറയപ്പെടുന്ന സഹപൈലറ്റ് ഒമാൻ പൗരനാണെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ പശ്ചാത്തലവും ആക്രമണത്തിന്റെ ലക്ഷ്യവും അന്വേഷണസംഘങ്ങൾ പരിശോധിച്ചുവരികയാണ്.
സംഭവം ഭീകരാക്രമണ ശ്രമമായിരുന്നോ എന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. ഇസ്രയേൽ അധികൃതർ ഇതുസംബന്ധിച്ച് ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും അന്തിമ നിഗമനം പുറത്തുവന്നിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷമേ സംഭവത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂവെന്നാണ് അധികൃതരുടെ നിലപാട്.
Comments ()