ട്രെയിനിൽ ടിടിഇക്ക് മർദനം: ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ കയറിയ യുവതിക്കെതിരെ കേസ്

ജനറൽ ടിക്കറ്റ് ആയതിനാൽ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ നിന്നും ഇറങ്ങി വനിതാ കമ്പാർട്ട്മെന്റിലേക്ക് മാറാൻ ആവശ്യപ്പെട്ടപ്പോൾ യുവതി മർദിക്കുകയായിരുന്നു.

ട്രെയിനിൽ ടിടിഇക്ക് മർദനം: ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ കയറിയ യുവതിക്കെതിരെ കേസ്

പാലക്കാട്: തീവണ്ടിയിൽ ടിടിഇക്ക് മർദനമേറ്റതായി പരാതി. ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര ചെയ്ത യുവതിയാണ് പാലക്കാട് ഡിവിഷനിലെ ടിടിഇ സുജിത്തിനെ മർദിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ഫറോക്കിനും കുറ്റിപ്പുറത്തിനുമിടയിലായിരുന്നു സംഭവം.

ഫറോക്കിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ടിക്കറ്റെടുത്ത് എസ്5 കോച്ചിൽ കയറിയ യുവതിയോട്, ജനറൽ ടിക്കറ്റായതിനാൽ വനിതാ കോച്ചിലേക്ക് മാറാൻ ടിടിഇ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതയായ യുവതി ഇയാളെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ ഷൊർണൂർ റെയിൽവേ പൊലീസിൽ പരാതി നൽകിയ ശേഷം സുജിത്തിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, ടിടിഇ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതിയും ഷൊർണൂർ റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഇരു കൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു.