കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ്; രണ്ട് മാസമായിട്ടും ശിവസൂര്യയെക്കുറിച്ച് സൂചനയില്ല,ക്രൈംബ്രാഞ്ച് അന്വേഷണം കാത്ത് കുടുംബം

ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീട്ടിൽ നിന്ന് പോയത്. മൊബൈൽ ഫോൺ വാങ്ങിവെച്ചതിനെ തുടർന്നുണ്ടായ സംഭവത്തിന് പിന്നാലെ, കാശിയിലേക്ക് പോകുകയാണെന്നും അവിടെയെത്തി ദൈവത്തിൽ അലിഞ്ഞുചേരുമെന്നും എഴുതിയ കുറിപ്പ് വീട്ടിൽനിന്ന് ലഭിച്ചിരുന്നു

കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ്; രണ്ട് മാസമായിട്ടും ശിവസൂര്യയെക്കുറിച്ച് സൂചനയില്ല,ക്രൈംബ്രാഞ്ച് അന്വേഷണം കാത്ത് കുടുംബം

കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ കണ്ടെത്താനാകാതെ അന്വേഷണം തുടരുന്നു. കുട്ടിയെ കാണാതായിട്ട് ഇന്ന് രണ്ട് മാസം പിന്നിട്ട സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീട്ടിൽ നിന്ന് പോയത്. മൊബൈൽ ഫോൺ വാങ്ങിവെച്ചതിനെ തുടർന്നുണ്ടായ സംഭവത്തിന് പിന്നാലെ, കാശിയിലേക്ക് പോകുകയാണെന്നും അവിടെയെത്തി ദൈവത്തിൽ അലിഞ്ഞുചേരുമെന്നും എഴുതിയ കുറിപ്പ് വീട്ടിൽനിന്ന് ലഭിച്ചിരുന്നു. തുടർന്ന് ചൊക്ലി പൊലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവും വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി.

കേരളത്തിലെ വിവിധ ഭാഗങ്ങൾക്കു പുറമെ ബെംഗളൂരു, മൈസൂരു, മംഗളൂരു, വാരണാസി എന്നിവിടങ്ങളിലും അന്വേഷണ സംഘം തെരച്ചിൽ നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിലും കുട്ടിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.

ശിവസൂര്യക്ക് എവിടെയെങ്കിലും ഒളിവിൽ കഴിയാൻ മറ്റാരുടെയെങ്കിലും സഹായം ലഭിക്കുന്നുണ്ടാകാമെന്ന സംശയവും അന്വേഷണ സംഘത്തിനും കുടുംബത്തിനുമുണ്ട്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുടുംബത്തിനും ആക്ഷൻ കമ്മിറ്റിക്കും ഉറപ്പ് നൽകിയിരുന്നതായാണ് വിവരം. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നതോടെ മകനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.