വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍; നിരവധിപ്പേര്‍ ചികിത്സയില്‍, വില്‍പ്പന തടഞ്ഞു
വെട്ടൂരില്‍ വറ്റ മത്സ്യത്തിന്റെ വില്‍പന നിര്‍ത്തിവയ്പ്പിച്ചു.
തിരുവനന്തപുരം: വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍. മത്സ്യം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട നിരവധി പേര്‍ പ്രദേശത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വെട്ടൂര്‍ മേഖലയില്‍ വറ്റ മത്സ്യത്തിന്റെ വില്‍പ്പന അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്പ്പിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വറ്റ മത്സ്യ വില്‍പ്പന തടഞ്ഞത്. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്തെ തീരദേശത്ത് വറ്റ മത്സ്യത്തിന്റെ വന്‍ ചാകരയുണ്ടായിരുന്നു. തുടര്‍ന്ന് വലിയ തോതില്‍ പ്രദേശവാസികള്‍ ഈ മത്സ്യം വാങ്ങുകയും കഴിക്കുകയും ചെയ്തിരുന്നു.
അതേസമയം, സംഭവത്തില്‍ നിലവില്‍ വലിയ രീതിയിലുള്ള ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മറ്റു മുന്‍ഗണനാ അസുഖങ്ങളോ അനുബന്ധ രോഗങ്ങളോ ഉള്ളവരെയാണ് ഇത് കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നതെന്ന് വര്‍ക്കല ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളുടെ ചുമതലയുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാനി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Comments ()