പതിനെട്ടാമത് ബ്രിക്‌സ്‌ ഉച്ചകോടിയിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി ഇന്ത്യയിൽ

ഇന്ത്യയും യുഎഇയും തമ്മിലുള്ള ദീർഘകാല സൗഹൃദം വിപുലീകരിക്കാനുള്ള അവസരമായാണ് ഈ സന്ദർശനത്തെ കണക്കാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

പതിനെട്ടാമത് ബ്രിക്‌സ്‌ ഉച്ചകോടിയിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി ഇന്ത്യയിൽ

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ ന്യൂഡൽഹിയിലെത്തി. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രതിനിധിയായാണ് ഇന്നലെ അദ്ദേഹം ഇന്ത്യയിലെത്തിയത്. അബുദാബി ക്രൗൺ പ്രിൻസ് കോടതി ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി, വ്യവസായ നൂതന സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് ജാബർ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് അദ്ദേഹത്തോടൊപ്പമുള്ളത്.

ഷെയ്ഖ് ഖാലിദിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദം വ്യാപിപ്പിക്കാനും, വ്യാപാരം, ഊർജസുരക്ഷ എന്നിവ ആസ്പദമാക്കിയുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും ഈ സന്ദർശനം ഉപകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 'ബിൽഡിങ് ഫോർ റെസിലിയൻസ്, ഇന്നൊവേഷൻ, കോർപ്പറേഷൻ ആൻഡ് സസ്റ്റയിനബിലിറ്റി' (Building for Resilience, Innovation, Cooperation and Sustainability) എന്ന പ്രമേയത്തിൽ നടക്കുന്ന ഈ ഉച്ചകോടിയിൽ വികസനം, സുസ്ഥിരത, നവീകരണം എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്.