പശ്ചിമേഷ്യൻ പ്രത്യേക സാഹചര്യം; യുഎഇയിൽ നിന്നുള്ള വിമാന സർവീസുകളിൽ നിയന്ത്രണം

മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് ചില പ്രാദേശിക, അന്താരാഷ്ട്ര വിമാനക്കമ്പനികൾ നിയന്ത്രിത രീതിയിൽ സർവീസുകൾ പുനരാരംഭിച്ചിട്ടുമുണ്ട്.

പശ്ചിമേഷ്യൻ പ്രത്യേക സാഹചര്യം; യുഎഇയിൽ നിന്നുള്ള വിമാന സർവീസുകളിൽ നിയന്ത്രണം

ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥയെ തുടർന്ന് യുഎഇയിൽ നിന്നുള്ള വിമാന സർവീസുകളിൽ വിവിധ എയർലൈനുകൾ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അമേരിക്ക ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ സാഹചര്യം വീണ്ടും വഷളായതാണ് വിമാന സർവീസുകളെ പ്രതികൂലമായി ബാധിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ എമിറേറ്റ്‌സ്, ഇത്തിഹാദ് എയർവേയ്‌സ്, ഫ്ലൈദുബായ്, എയർ അറേബ്യ തുടങ്ങിയ പ്രധാന കമ്പനികൾ തങ്ങളുടെ നിരവധി സർവീസുകൾ റദ്ദാക്കുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്തു. അതേസമയം, മേഖലയിലെ സുരക്ഷ വിലയിരുത്തി ചില പ്രാദേശിക, അന്താരാഷ്ട്ര വിമാനക്കമ്പനികൾ നിയന്ത്രിത അളവിൽ സർവീസുകൾ പുനരാരംഭിച്ചിട്ടുമുണ്ട്.

യാത്രാതടസ്സങ്ങൾ രൂക്ഷമായതോടെ വിമാനക്കമ്പനികൾ യാത്രക്കാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ദുബായിൽ നിന്നുള്ള യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിൽ എത്തണമെന്നും സാധ്യമെങ്കിൽ ഓൺ‌ലൈൻ ചെക്ക്-ഇൻ പൂർത്തിയാക്കണമെന്നും ഫ്ലൈദുബായ് ആവശ്യപ്പെട്ടു. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് അതത് എയർലൈനുകളുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ സർവീസ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് മറ്റ് വിമാനക്കമ്പനികളും നിർദ്ദേശിക്കുന്നു. വരും മണിക്കൂറുകളിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ വിമാന സർവീസുകൾ പൂർണ്ണതോതിൽ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ.