ഫ്ലൈ ദുബായ് വിമാനത്തിലെ സംഭവത്തിന് പിന്നിൽ ഭീകരലക്ഷ്യമെന്ന് യുഎഇ, സഹപൈലറ്റിനെതിരെ അന്വേഷണം
സംഭവത്തിന്റെ യഥാർഥ ലക്ഷ്യവും മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്
അബുദാബി: ഫ്ലൈ ദുബായ് വിമാനത്തിലെ കോക്പിറ്റിൽ സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ച് വിമാനം നിയന്ത്രണത്തിലാക്കാൻ ശ്രമിച്ച സംഭവം ഭീകരപ്രവർത്തനത്തിനുള്ള ശ്രമമായിരുന്നെന്ന് യുഎഇ ഫെഡറൽ പ്രോസിക്യൂട്ടർ കൗൺസിലർ ഡോ. ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു. സംഭവത്തിന്റെ യഥാർഥ ലക്ഷ്യവും മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
സെപ്റ്റംബർ 30ന് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് സർവീസ് നടത്തിയ FZ1073 വിമാനത്തിലാണ് കോക്പിറ്റിൽ ജീവനക്കാർ തമ്മിൽ സംഘർഷമുണ്ടായത്. സഹപൈലറ്റ് വിമാനത്തിലെ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ക്രാഷ് ആക്സ് ഉപയോഗിച്ച് ക്യാപ്റ്റനെ ആക്രമിക്കുകയും നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് അധികൃതർ വ്യക്തമാക്കിയത്. മറ്റ് ക്രൂ അംഗങ്ങൾ ഇടപെട്ടതിനെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.
തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഫ്ലൈ ദുബായ് അറിയിച്ചിരുന്നു. സംഭവത്തിൽ വിമാനത്തിന്റെ സാങ്കേതിക പരിശോധനകൾക്കും ഡിജിറ്റൽ, ഭൗതിക തെളിവുകളുടെ പരിശോധനയ്ക്കും പുറമെ വിശദമായ അന്വേഷണവും തുടരുകയാണ്.
അതിനിടെ, പ്രതിസന്ധി ഘട്ടത്തിൽ വിമാനത്തിന്റെ നിയന്ത്രണം സുരക്ഷിതമായി നിലനിർത്താൻ ഇടപെട്ട ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന് വിവിധ മേഖലകളിൽനിന്ന് അഭിനന്ദനം ലഭിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മച്ചാറിന്റെ ധൈര്യത്തെ പ്രശംസിച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്യാപ്റ്റൻ മച്ചാറിന്റെ ഇടപെടലിനെ അഭിനന്ദിച്ചിരുന്നു.
സംഭവത്തിന് പിന്നിലെ കൃത്യമായ ഉദ്ദേശ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുമെന്ന് യുഎഇ അധികൃതർ അറിയിച്ചു.
Comments ()