കുഞ്ഞു ആരാധകന്റെ സ്വപ്നത്തിന് എമിറേറ്റ്സിന്റെ ചിറകുകൾ; ശ്രദ്ധനേടി ടിം ക്ലാർക്കിന്റെ സമ്മാനം

മാലിദ്വീപിലക്കുള്ള യാത്രയിൽ എമിറേറ്റ്സിൽ യാത്രചെയ്തതിന് ശേഷം ആ സന്തോഷം പങ്കുവെച്ചുകൊണ്ട് എമിറേറ്റ്സിൻ്റെ പ്രസിഡൻ്റിന് കത്തെഴുതിയതായിരുന്നു കുട്ടി

കുഞ്ഞു ആരാധകന്റെ സ്വപ്നത്തിന് എമിറേറ്റ്സിന്റെ ചിറകുകൾ; ശ്രദ്ധനേടി ടിം ക്ലാർക്കിന്റെ സമ്മാനം

ലണ്ടനിലെ ബസുകളിൽ പതിച്ച ‘Emirates Fly Better’ എന്ന പരസ്യം കണ്ടാണ് ആ ഏഴുവയസ്സുകാരന്റെ മനസ്സിൽ വിമാനങ്ങളോടുള്ള കൗതുകവും പ്രണയവും മൊട്ടിടുന്നത്. സ്വന്തം വീടിനു മുകളിലൂടെ ആകാശപ്പരപ്പിലൂടെ പറന്നുയരുന്ന എമിറേറ്റ്സ് വിമാനങ്ങളെ അവൻ സ്ഥിരമായി അത്ഭുതത്തോടെ നോക്കിനിൽക്കുമായിരുന്നു. താമസിയാതെ കുടുംബത്തോടൊപ്പം മാലിദ്വീപിലേക്ക് നടത്തിയ യാത്രയിൽ എമിറേറ്റ്സിൽ തന്നെ പറക്കാൻ അവന് അവസരവും ലഭിച്ചു. ഇക്കണോമി ക്ലാസിലായിരുന്നു യാത്രയെങ്കിലും ബിസിനസ് ക്ലാസിനോട് കിടപിടിക്കുന്ന മികച്ച സേവനവും അവിസ്മരണീയമായ യാത്രാനുഭവവുമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് കുട്ടിയുടെ പിതാവ് മാർക്ക് ആഡംസ് സാക്ഷ്യപ്പെടുത്തുന്നു. ദുബായിലെ സ്റ്റോപ്പ്ഓവറിനിടയിൽ അവിടുത്തെ അത്യാധുനിക വിമാനത്താവളവും ആ കുടുംബം ഏറെ ആസ്വദിച്ചു.

യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് വിമാനത്തിലെ സന്തോഷകരമായ അനുഭവങ്ങൾ കമ്പനിയെ നേരിട്ട് അറിയിക്കണമെന്ന് കുട്ടി ആഗ്രഹം പ്രകടിപ്പിച്ചത്. അങ്ങനെ "പ്രിയപ്പെട്ട ടിം ക്ലാർക് സർ, ലണ്ടനിലെ ബസ്സുകളിൽ ഞാൻ എമിറേറ്റ്സ് ഫ്ലൈ ബെറ്റർ എന്ന് കണ്ടു..." എന്ന് തുടങ്ങി തന്റെ കൊച്ചു മനസ്സിലെ സന്തോഷമെല്ലാം അവൻ സ്വന്തം കൈപ്പടയിൽ കടലാസിലേക്ക് പകർത്തി. കുട്ടി എഴുതിയ കത്തിൽ അനേകം അക്ഷരത്തെറ്റുകൾ ഉണ്ടായിരുന്നുവെങ്കിലും, ആ നിഷ്കളങ്കത ഒട്ടും ചോർന്നുപോകാതിരിക്കാൻ തിരുത്തലുകളൊന്നും വരുത്താതെ തന്നെയാണ് പിതാവ് അത് സ്കാൻ ചെയ്ത് അയച്ചുകൊടുത്തത്. വിമാനയാത്രയ്ക്കിടെ കുടുംബസമേതം പകർത്തിയ ഒരു പോളറോയ്ഡ് ചിത്രവും ആ കത്തിനൊപ്പം അവർ ചേർത്തിരുന്നു.

ആഴ്ചകൾക്ക് ശേഷം മാർക്ക് ആഡംസിന് ഫെഡ്എക്സിൽ (FedEx) നിന്ന് അപ്രതീക്ഷിതമായി ഒരു പാഴ്സൽ സന്ദേശം ലഭിച്ചു. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ പാഴ്സൽ തുറന്നുനോക്കിയ കുടുംബത്തിന് അത് വിശ്വസിക്കാനായില്ല. എമിറേറ്റ്സ് പ്രസിഡന്റ് സർ ടിം ക്ലാർക്ക് നേരിട്ടെഴുതിയ മറുപടിക്കത്തിനൊപ്പം എമിറേറ്റ്സിന്റെ A380 വിമാനത്തിന്റെ മനോഹരമായ രണ്ട് മോഡലുകളായിരുന്നു ആ സമ്മാനപ്പൊതിയിൽ ഉണ്ടായിരുന്നത്. ഉപഭോക്താക്കളോട് സംസാരിക്കാൻ ചാറ്റ്ബോട്ടുകളും ഓട്ടോമേറ്റഡ് മറുപടികളും മാത്രം ഉപയോഗിക്കുന്ന ഈ ആധുനിക കാലത്ത്, തിരക്കുകൾക്കിടയിലും ഒരു കൊച്ചുകുട്ടിയുടെ അക്ഷരത്തെറ്റുകൾ നിറഞ്ഞ കത്തിന് എമിറേറ്റ്സ് പ്രസിഡന്റ് തന്നെ നേരിട്ട് മറുപടി നൽകിയത് ആ കുടുംബത്തെ ഏറെ സ്പർശിച്ചു. ഈ അപൂർവ്വാനുഭവത്തോടെ ഭാവിയിൽ ഒരു പൈലറ്റാകാനുള്ള ഉറച്ച ആഗ്രഹത്തിലാണ് ആ ഏഴുവയസ്സുകാരൻ ഇപ്പോൾ. ഒപ്പം ബുർജ് ഖലീഫയും അബുദാബിയിലെ തീം പാർക്കുകളും നേരിട്ട് കണ്ട് യു.എ.ഇ സന്ദർശിക്കാനുള്ള വലിയൊരു യാത്രയ്ക്കായി കാത്തിരിക്കുകയാണ് ഈ നാലംഗ കുടുംബം.