യുഎഇയിൽ ‘ജംറത്തുൽ ഖൈത്’ കാലത്തിന് തുടക്കം; ചൂട് കനക്കും, ചില മേഖലകളിൽ പൊടിക്കാറ്റിനും സാധ്യത
ജൂലൈ 3 മുതൽ ഓഗസ്റ്റ് 10 വരെ നീളുന്ന ഈ കാലയളവിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ചൂടും വരണ്ട കാലാവസ്ഥയും അനുഭവപ്പെടുമെന്നാണ് വിലയിരുത്തൽ
അബുദാബി: യുഎഇയിൽ വർഷത്തിലെ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുന്ന 'ജംറത്തുൽ ഖൈത്' (Jamrat Al Qayth) കാലഘട്ടം ആരംഭിച്ചതായി എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ജൂലൈ 3 മുതൽ ഓഗസ്റ്റ് 10 വരെ നീളുന്ന ഈ കാലയളവിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ചൂടും വരണ്ട കാലാവസ്ഥയും അനുഭവപ്പെടുമെന്നാണ് വിലയിരുത്തൽ.
കഠിനമായ വേനൽക്കാലത്തിന് തുടക്കമായെങ്കിലും കഴിഞ്ഞ ദിവസം യുഎഇയിലെ ചില മേഖലകളിൽ മഴ ലഭിച്ചത് ശ്രദ്ധേയമായി. ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടാനിടയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാത്രി സമയത്തും നാളെ പുലർച്ചെയുമായി തീരദേശ, ഉൾനാടൻ മേഖലകളിൽ അന്തരീക്ഷ ഈർപ്പം വർധിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ചിലയിടങ്ങളിൽ നേരിയ മൂടൽമഞ്ഞും രൂപപ്പെടാം.
പടിഞ്ഞാറൻ മേഖലകളിൽ പകൽ സമയത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 40 കിലോമീറ്റർ വരെ ശക്തിപ്രാപിച്ചേക്കും.
സമുദ്രാവസ്ഥയും മേഖലകളനുസരിച്ച് വ്യത്യാസപ്പെടും. അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളപ്പോൾ ഒമാൻ ഉൾക്കടലിൽ പൊതുവെ ശാന്തമായ കടൽസ്ഥിതിയായിരിക്കും.
ഇന്ന് അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ പരമാവധി താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. റാസൽഖൈമ, അൽ ഐൻ എന്നിവിടങ്ങളിൽ 44 ഡിഗ്രി സെൽഷ്യസും ലിവ, അൽ സില മേഖലകളിൽ 45 ഡിഗ്രി സെൽഷ്യസും വരെ രേഖപ്പെടുത്താം. ഫുജൈറയിൽ പരമാവധി 37 ഡിഗ്രി സെൽഷ്യസും ഗ്രേറ്റർ, ലെസ്സർ ടുൻബ് ദ്വീപുകളിൽ 35 ഡിഗ്രി സെൽഷ്യസും പ്രതീക്ഷിക്കുന്നു.
Comments ()