സൂര്യപ്രകാശം പരമാവധിയിൽ; യുഎഇയിൽ ഇന്ന് ദൈർഘ്യമേറിയ പകലിന് സാക്ഷ്യം
ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന ‘സമ്മർ സോൾസ്റ്റിസ്’ എന്ന ജ്യോതിശാസ്ത്ര പ്രതിഭാസത്തോടനുബന്ധിച്ചാണ് ഈ പ്രത്യേകത. ഇതിന്റെ ഫലമായി രാജ്യത്ത് ഇന്ന് ഏകദേശം 14 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കും
ദുബായ്: യുഎഇയിൽ ഇന്ന് വർഷത്തിലെ ഏറ്റവും കൂടുതൽ പകൽവെളിച്ചം ലഭിക്കുന്ന ദിനമാണ്. ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന ‘സമ്മർ സോൾസ്റ്റിസ്’ എന്ന ജ്യോതിശാസ്ത്ര പ്രതിഭാസത്തോടനുബന്ധിച്ചാണ് ഈ പ്രത്യേകത. ഇതിന്റെ ഫലമായി രാജ്യത്ത് ഇന്ന് ഏകദേശം 14 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കും.
സമ്മർ സോൾസ്റ്റിസ് സമയത്ത് ഭൂമിയുടെ അച്ചുതണ്ട് സൂര്യനിലേക്ക് ഏറ്റവും കൂടുതൽ ചരിഞ്ഞ നിലയിലായിരിക്കും. അതിനാൽ സൂര്യൻ ആകാശത്ത് കൂടുതൽ ഉയരത്തിൽ കാണപ്പെടുകയും പകലിന്റെ ദൈർഘ്യം പരമാവധി വർധിക്കുകയും ചെയ്യുന്നു. യുഎഇ സമയം ഉച്ചയ്ക്ക് ഏകദേശം 12.25-ഓടെയാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.
ജൂൺ മാസത്തിലെ ഈ ദിവസങ്ങളിലാണ് യുഎഇയിൽ പകൽ സമയം ഏറ്റവും ദൈർഘ്യമേറിയതാകുന്നത്. സൂര്യൻ കർക്കടക രേഖയ്ക്ക് സമീപം നേരിട്ട് എത്തുന്നതിനാൽ, ചില പ്രദേശങ്ങളിൽ ഉച്ചസമയത്ത് നിഴൽ വളരെ ചെറുതാകുകയോ ഏതാണ്ട് കാണാതാകുകയോ ചെയ്യും. അറേബ്യൻ ഉപദ്വീപിലുടനീളം ഈ സമയത്ത് നിഴലുകളുടെ നീളം വർഷത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തും.
ഇനി ദിവസങ്ങൾ കടന്നുപോകുന്നതിനനുസരിച്ച് പകലിന്റെ ദൈർഘ്യം പതുക്കെ കുറയാൻ തുടങ്ങും. സെപ്റ്റംബർ മാസത്തിലെ ശരത്കാല വിഷുവം വരെ ഈ പ്രവണത തുടരും.
അതേസമയം, ഏറ്റവും ദൈർഘ്യമേറിയ പകലുള്ള ദിവസം തന്നെ ഏറ്റവും ചൂടേറിയ ദിവസമാകണമെന്നില്ല. ഭൂമിയും സമുദ്രങ്ങളും സൂക്ഷിച്ചുവെക്കുന്ന ചൂട് പിന്നീട് അന്തരീക്ഷത്തിലേക്ക് കൂടുതൽ വ്യാപിക്കുന്നതിനാൽ ജൂലൈയിലും ഓഗസ്റ്റിന്റെ ആദ്യ പകുതിയിലുമാണ് സാധാരണയായി ഗൾഫ് മേഖലയിലെ ഉയർന്ന താപനിലകൾ രേഖപ്പെടുത്തപ്പെടുന്നത്. ഇതോടെ പ്രദേശം വർഷത്തിലെ ഏറ്റവും കഠിനമായ വേനൽക്കാല ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.
Comments ()