വേനൽച്ചൂടും യുദ്ധഭീതിയും; യുഎഇ തൊഴിൽ മേഖലയിൽ മന്ദഗതി തുടരുന്നു
ഉയർന്ന താപനില നേരിട്ടുള്ള തൊഴിൽ അന്വേഷണങ്ങളെയും വാക്ക്-ഇൻ ഇന്റർവ്യൂകളെയും കൂടുതൽ പ്രയാസകരമാക്കിയിരിക്കുകയാണ്.
യുഎഇ: പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ ആശങ്കകളും യുദ്ധഭീതിയും, ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവും, കനത്ത വേനൽച്ചൂടും ചേർന്ന് യുഎഇയിലെ തൊഴിൽ റിക്രൂട്ട്‌മെന്റ് മേഖലയെ കടുത്ത മന്ദഗതിയിലാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും മൂലം വൻകിട കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ചെലവ് ചുരുക്കലിന്റെ ഭാഗമായി തങ്ങളുടെ പുതിയ വികസന പദ്ധതികൾ മാറ്റിവെക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യുന്നു. ഇതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത തസ്തികകളിലേക്കുള്ള പുതിയ നിയമനങ്ങൾ പല സ്ഥാപനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതോടെ തൊഴിലന്വേഷകരും റിക്രൂട്ട്‌മെന്റ് ഏജൻസികളും ഒരുപോലെ ദുരിതത്തിലായി.
പ്രത്യേകിച്ച് ട്രേഡിങ്, ലോജിസ്റ്റിക്സ്, ടൂറിസം, റീട്ടെയിൽ, ജനറൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിലാണ് ഈ പ്രതിസന്ധി കൂടുതൽ പ്രകടമാകുന്നത്. പുതിയ ആളുകളെ നിയമിക്കുന്നതിന് പകരം നിലവിലുള്ള പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് പരമാവധി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് നിലവിൽ ഭൂരിഭാഗം കമ്പനികളും മുൻഗണന നൽകുന്നതെന്ന് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു.
Comments ()