തൊഴിൽ മേഖലയിൽ കടുത്ത നിയന്ത്രണം: യുഎഇയിൽ പരിശോധന ശക്തമാക്കി മന്ത്രാലയം

തൊഴിൽ അന്തരീക്ഷം സുരക്ഷിതവും മത്സരക്ഷമവുമാക്കാൻ കർശന പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി

തൊഴിൽ മേഖലയിൽ കടുത്ത നിയന്ത്രണം: യുഎഇയിൽ പരിശോധന ശക്തമാക്കി മന്ത്രാലയം

യുഎഇയിൽ തൊഴിൽ നിയമലംഘനങ്ങളിൽ 15 ശതമാനത്തിന്റെ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു. 2026-ന്റെ ആദ്യ പകുതിയിൽ മന്ത്രാലയം നടത്തിയ കർശന പരിശോധനകളിലാണ് ഈ മുന്നേറ്റം വ്യക്തമായത്. കൃത്യമായ പെർമിറ്റില്ലാതെ ജീവനക്കാരെ നിയമിക്കുക, വേതന സംരക്ഷണ സംവിധാനം (WPS) വഴി ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുക, വ്യാജ രേഖകളും തെറ്റായ വിവരങ്ങളും സമർപ്പിക്കുക എന്നിവയാണ് കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ. ഗുരുതര സ്വഭാവമുള്ള നിയമലംഘനങ്ങൾ കുറഞ്ഞതോടെ കേസുകൾ പബ്ലിക് പ്രൊസിക്യൂഷന് കൈമാറുന്നതിൽ 49 ശതമാനത്തിന്റെ വലിയ കുറവുണ്ടായി.

കഴിഞ്ഞ വർഷം 962 കേസുകൾ പ്രൊസിക്യൂഷന് കൈമാറിയ സ്ഥാനത്ത് ഈ വർഷം ഇത് 490 ആയി ചുരുങ്ങി. ആദ്യ ആറുമാസത്തിനിടെ സ്മാർട്ട് മോണിറ്ററിംഗ് സംവിധാനം ഉപയോഗിച്ച് നിയമലംഘന സാധ്യത കൂടുതലുള്ള സ്ഥാപനങ്ങളിൽ രണ്ടേകാൽ ലക്ഷത്തോളം തത്സമയ പരിശോധനകളാണ് അധികൃതർ നടത്തിയത്. രാജ്യത്തെ തൊഴിൽ അന്തരീക്ഷം കൂടുതൽ സുരക്ഷിതവും മത്സരക്ഷമവുമാക്കുന്നതിനായി വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.