ഫ്ലൈ ദുബായ് ആക്രമണം: അന്വേഷണം പ്രഖ്യാപിച്ച് യുഎഇ
ഭീകരാക്രമണ ശ്രമമാണോയെന്ന് പരിശോധിക്കും
ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ നടന്ന കോക്ക്പിറ്റ് ആക്രമണത്തിൽ യുഎഇ സർക്കാരും അറ്റോർണി ജനറലും ചേർന്ന് ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ഭീകരാക്രമണ ശ്രമമാണോ അതോ മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണോ എന്ന് കണ്ടെത്താൻ പ്രത്യേക പ്രോസിക്യൂട്ടർ സംഘത്തെ നിയോഗിച്ചതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' വെളിപ്പെടുത്തി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി (GCAA) ചേർന്ന് യുഎഇ അറ്റോർണി ജനറൽ ഹമദ് സൈഫ് അൽ ഷംസിയുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്. യുഎഇയിൽ രജിസ്റ്റർ ചെയ്ത വിമാനമായതിനാൽ അന്താരാഷ്ട്ര വ്യോമയാന നിയമപ്രകാരം കേസിന്റെ പൂർണ്ണമായ വിചാരണാധികാരം യുഎഇയ്ക്കാണ്. അന്വേഷണം പൂർത്തിയാകുന്നതുവരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അറ്റോർണി ജനറൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
അതിക്രമത്തിനിടെ ക്രൂരമായി കുത്തേറ്റുവീണിട്ടും 174-ഓളം യാത്രക്കാരുടെയും സഹപ്രവർത്തകരുടെയും ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നായകൻ എന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. അതീവ ഗുരുതരമായ ഭീഷണിയെ നേരിടുമ്പോഴും പരിക്കുകളെ അവഗണിച്ച് സ്മിത് മച്ചാർ കാണിച്ച ധീരതയും മനോധൈര്യവും മാതൃകാപരമാണെന്നും, അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ജീവനുകൾ രക്ഷിക്കുകയും വലിയൊരു ദുരന്തം ഒഴിവാക്കുകയും ചെയ്തെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുമ്പോഴും കോക്ക്പിറ്റിന്റെ ലോക്ക് മാറ്റി വാതിൽ തുറന്നുകൊടുക്കാൻ ക്യാപ്റ്റൻ മച്ചാറിന് സാധിച്ചതാണ് പുറത്തുണ്ടായിരുന്ന യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും അകത്തുകയറി അക്രമിയെ കീഴടക്കാൻ സഹായകരമായതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ വക്താവ് വ്യക്തമാക്കി. സംഭവത്തിൽ മറ്റു ആർക്കെങ്കിലും പങ്കാളിത്തമുണ്ടോ എന്ന് വ്യക്തമാക്കാൻ സമയമായിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. നിലവിൽ സൗദി അറേബ്യയിൽ അന്വേഷണം നേരിടുന്ന അക്രമിയായ സഹപൈലറ്റിനെ യുഎഇയിലേക്ക് മാറ്റുമെന്നാണ് കരുതുന്നതെന്നും, കേസിന്റെ അന്വേഷണത്തിൽ ഇസ്രായേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നും 'ഫോക്സ്' ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.
നിലവിൽ സൗദി അറേബ്യയിലെ തബൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. സംഭവത്തെ തുടർന്ന് തബൂക്കിൽ ലാൻഡ് ചെയ്ത വിമാനം പരിശോധിക്കുന്നതിനായി ഫ്ലൈ ദുബായുടെ പ്രത്യേക സാങ്കേതിക സംഘവും സൗദിയിലെത്തിയിട്ടുണ്ട്.
Comments ()