കുടുംബത്തിന്റെ ജന്മദിന തീയതികൾ കൊണ്ടുവന്ന ഭാഗ്യം; യു.എ.ഇ ലോട്ടറിയുടെ രണ്ടാമത്തെ വലിയ ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി 52-കാരനായ മലയാളി
മലയാളി ടെക്നീഷ്യന് ദി യു.എ.ഇ ലോട്ടറിയിലൂടെ 30 മില്യൺ ദിർഹം
യു.എ.ഇ ലോട്ടറിയുടെ ലക്കി ഡേ ഡ്രോയില്‍ 30 മില്യണ്‍ ദിര്‍ഹം (ഏകദേശം 68 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് നേടി മലയാളി സുനില്‍ കുമാര്‍ സദാശിവന്‍ ചരിത്രം കുറിച്ചു. ദുബായിൽ മെയിന്റനന്‍സ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ഈ 52-കാരൻ, സ്വന്തം ജന്മദിനത്തോടൊപ്പം ഭാര്യയുടെയും മകളുടെയും പിറന്നാൾ തീയതികളും ചേർത്താണ് ഭാഗ്യ ടിക്കറ്റ് തിരഞ്ഞെടുത്തത്. ജോലി കഴിഞ്ഞു മുറിയിൽ വിശ്രമിക്കുമ്പോഴാണ് അപ്രതീക്ഷിതമായി താൻ കോടീശ്വരനായി എന്ന വിവരമറിയുന്നത്. മകൾക്ക് ഏഴു വയസ്സുള്ള സുനിലിന്റെ വലിയൊരു സ്വപ്നം അവളെ പഠിപ്പിച്ച് ഡോക്ടറാക്കുക എന്നതാണ്; ഒപ്പം ഈ സമ്മാനത്തുക ഉപയോഗിച്ച് സ്വന്തം വീടിന്റെ പണി പൂർത്തിയാക്കാനും, നാട്ടിൽ തനിക്ക് അറിയാവുന്ന ഏതാനും ഭവനരഹിതർക്ക് വീട് വെച്ചു നൽകാനും അദ്ദേഹം ആഗ്രഹിക്കുന്നു. നീണ്ട വർഷത്തെ അധ്വാനത്തിന് ശേഷം ഇനി അല്പം വിശ്രമിക്കണമെന്നു പറയുന്ന സുനിൽ കുമാറിന്റെ കുടുംബം ലളിത ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരും മറ്റുള്ളവരെ സഹായിക്കാൻ താല്പര്യമുള്ളവരുമാണ്. ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അഥോറിറ്റിയുടെ പൂര്‍ണ്ണ അനുമതിയോടെയും സുതാര്യതയോടെയും നടക്കുന്ന യു.എ.ഇ ലോട്ടറിയുടെ രണ്ടാമത്തെ വലിയ ഗ്രാന്‍ഡ് പ്രൈസ് വിജയിയാണ് സുനിൽ കുമാർ.
Comments ()