ദുബായിൽ ഇനി യാത്ര കൂടുതൽ എളുപ്പമാകും; നാല് പുതിയ ബസ് റൂട്ടുകൾ കൂടി, പ്രധാന സർവീസുകൾ പരിഷ്കരിച്ചു
ജൂലൈ 17 മുതല്‍ നഗരത്തില്‍ നാല് പുതിയ പബ്ലിക് ബസ് റൂട്ടുകള്‍ കൂടി സര്‍വീസ് ആരംഭിക്കും
ദുബായ്: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ദുബായിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജൂലൈ 17 മുതല്‍ നഗരത്തില്‍ നാല് പുതിയ പബ്ലിക് ബസ് റൂട്ടുകള്‍ കൂടി സര്‍വീസ് ആരംഭിക്കും. പ്രധാന വാണിജ്യ-താമസ മേഖലകളെ ബന്ധിപ്പിക്കുന്ന പുതിയ മാറ്റങ്ങളില്‍ ഒന്നാണ് ഇന്റര്‍നാഷണല്‍ സിറ്റിയെ ദുബായ് സിലിക്കണ്‍ ഒയാസിസുമായി ബന്ധിപ്പിക്കുന്ന റൂട്ട് 35.
പുതിയ റൂട്ടുകള്‍ക്ക് പുറമെ നിലവിലുള്ള 13 സര്‍വീസുകള്‍ നവീകരിക്കുകയും അവയുടെ റൂട്ടുകളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങളും യാത്രാരീതികളും കൃത്യമായി വിലയിരുത്തിക്കൊണ്ട്, ദുബായ് മെട്രോ ശൃംഖലയുമായുള്ള കണക്റ്റിവിറ്റി കൂടുതല്‍ എളുപ്പമാക്കുകയാണ് ആര്‍ടിഎ ഈ പരിഷ്‌കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
തിരക്കേറിയ സമയങ്ങളില്‍ ഓരോ 30 മിനിറ്റിലും ഈ ബസ് ലഭ്യമാകും. അല്‍ ഖൂസിനെ ദുബായ് ഇന്റര്‍നെറ്റ് സിറ്റി മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന റൂട്ട് 85 തിരക്കേറിയ സമയങ്ങളില്‍ ഓരോ 20 മിനിറ്റിലും സര്‍വീസ് നടത്തും. ഇന്റര്‍നാഷണല്‍ സിറ്റിക്കും ദുബായ് സിലിക്കണ്‍ ഒയാസിസ് തടാകത്തിനും ഇടയില്‍ ഇരുദിശകളിലുമായി റൂട്ട് 37അ, 37ആ എന്നീ പുതിയ സര്‍വീസുകളും ലഭ്യമാക്കിയിട്ടുണ്ട്.
പുതിയ റൂട്ടുകള്‍ അവതരിപ്പിക്കുന്നതിനൊപ്പം നിലവിലുള്ള പ്രധാന സര്‍വീസുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സിറ്റിക്കും ദുബായ് സിലിക്കണ്‍ ഒയാസിസിനും ഇടയിലുണ്ടായിരുന്ന പഴയ 36A, 36B റൂട്ടുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കി. ഇനി മുതല്‍ റൂട്ട് 67 അല്‍ ഗുബൈബയ്ക്ക് പകരം ഔദ് മേത്ത മെട്രോ സ്റ്റേഷനിലായിരിക്കും സര്‍വീസ് അവസാനിപ്പിക്കുക. റൂട്ട് 84 മാള്‍ ഓഫ് ദി എമിറേറ്റ്‌സിന് പകരം ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് സ്റ്റോപ്പിലും, റൂട്ട് 88 അല്‍ ഷീഫ് സ്ട്രീറ്റിന് പകരം ഓണ്‍പാസീവ് മെട്രോ സ്റ്റോപ്പിലും യാത്ര അവസാനിപ്പിക്കും. കൂടാതെ, അല്‍ ഖൂസിലേക്കുള്ള യാത്രാസമയം കുറയ്ക്കുന്നതിനായി റൂട്ട് 96, X94 എന്നിവ ഇനി മുതല്‍ അല്‍ യലായിസ് സ്ട്രീറ്റ് വഴി തിരിച്ചുവിടും.
മെട്രോ ലിങ്ക് സര്‍വീസുകളായ F06 നാദ് ഷമ്മയിലേക്കും, F36 അല്‍ ബര്‍ഷ സൗത്തിലേക്കും നീട്ടിയിട്ടുണ്ട്. ഇതിനൊപ്പം F29 അല്‍ ഷീഫിലേക്കും, ജെബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ജീവനക്കാര്‍ക്കായി F47 ഉം പരിഷ്‌കരിച്ചു. അതേസമയം, അല്‍ ഖുസൈസിലേക്കുള്ള എക്‌സ്പ്രസ്സ് റൂട്ടായ X22 ഇനി ബിസിനസ് ബേ സ്റ്റോപ്പുകള്‍ ഒഴിവാക്കി ഷെയ്ഖ് സായിദ് റോഡ് വഴി നേരിട്ട് സര്‍വീസ് നടത്തും. ദുബായിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ സംയോജിതവും കാര്യക്ഷമവുമായ യാത്രാ സൗകര്യം ഉറപ്പാക്കുകയാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ആര്‍ടിഎ വ്യക്തമാക്കി.
Comments ()