യുഎഇയിൽ പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ സ്‌കൂളുകള്‍ ആരംഭിക്കുന്നു

ദുബായ്, അബുദാബി, ഷാർജ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലായി ബ്രിട്ടീഷ്, അമേരിക്കൻ, ഇന്ത്യൻ (CBSE), IB ഉൾപ്പെടെയുള്ള വിവിധ പാഠ്യപദ്ധതികളിലുള്ള സ്കൂളുകളാണ് ആരംഭിക്കുന്നത്

യുഎഇയിൽ പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ സ്‌കൂളുകള്‍ ആരംഭിക്കുന്നു

യുഎഇ: രാജ്യത്ത് വര്‍ധിച്ചുവരുന്ന ജനസംഖ്യയും പ്രവാസി കുടുംബങ്ങളുടെ വരവും കണക്കിലെടുത്ത്, 2026-27 അധ്യയന വര്‍ഷത്തില്‍ യു.എ.ഇയില്‍ നിരവധി പുതിയ സ്വകാര്യ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും പ്രവര്‍ത്തനം ആരംഭിക്കുന്നു. വരുന്ന ഓഗസ്റ്റ് മാസം മുതല്‍ ഇവ തുറന്നുപ്രവര്‍ത്തിക്കും. അതിവേഗം വളരുന്ന പ്രമുഖ റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികളെയും കുടുംബസൗഹൃദ പ്രദേശങ്ങളെയും കേന്ദ്രീകരിച്ചാണ് ഈ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സജ്ജമാക്കുന്നത്.

ദുബായ്, അബുദബി, ഷാര്‍ജ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളിലായി ബ്രിട്ടീഷ്, അമേരിക്കന്‍, സി.ബി.എസ്.ഇ, ഐ.ബി പാഠ്യപദ്ധതികള്‍ പിന്തുടരുന്ന നിരവധി പുതിയ സ്‌കൂളുകളാണ് ആരംഭിക്കുന്നത്. ഇത് ആയിരക്കണക്കിന് പുതിയ സീറ്റുകള്‍ ലഭ്യമാക്കുന്നതോടൊപ്പം, വിവിധ ഫീസ് നിരക്കുകളില്‍ അനുയോജ്യമായ സ്‌കൂളുകള്‍ തിരഞ്ഞെടുക്കാന്‍ മാതാപിതാക്കള്‍ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.

ആധുനിക വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്ന ഈ സ്‌കൂളുകളില്‍ ശാസ്ത്ര-സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കായികം, കല എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. സ്മാര്‍ട്ട് ക്ലാസ് മുറികള്‍, അത്യാധുനിക ലബോറട്ടറികള്‍, വിശാലമായ കായിക സൗകര്യങ്ങള്‍ എന്നിവയാണ് പുതിയ ക്യാമ്പസുകളുടെ പ്രധാന ആകര്‍ഷണം.

ഹാരോ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ദുബായ്: നഗരത്തിലെ ആദ്യത്തെ ബ്രിട്ടീഷ് സ്‌കൂള്‍ ക്യാമ്പസാണിത്. ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഈ സ്‌കൂളില്‍ 1,800 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും. വര്‍ഷിക ഫീസ്: 80,000 - 1,00,000 ദിര്‍ഹം.

ആഷ് മൗണ്ട് സ്‌കൂള്‍: ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഈ ഇന്റര്‍നാഷണല്‍ ബാക്കലറേറ്റ് സ്ഥാപനം 3 മുതല്‍ 18 വയസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. വര്‍ഷിക ഫീസ്: 52,000 - 75,000 ദിര്‍ഹം.

ദുബായ് ഇന്റര്‍നാഷണല്‍ അക്കാദമി ടൗണ്‍ സ്‌ക്വയര്‍: പ്രീ-കെ മുതല്‍ എട്ടാം ക്ലാസ് വരെയാണ് ഇവിടെ പ്രവേശനം നല്‍കുന്നത്. വര്‍ഷിക ഫീസ്: 49,000 - 70,500 ദിര്‍ഹം.

ക്വീന്‍ എലിസബത്ത്‌സ് സ്‌കൂള്‍ ബാര്‍നെറ്റ് (ദുബായ് സ്‌പോര്‍ട്‌സ് സിറ്റി): നഴ്‌സറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇവിടെ അഡ്മിഷന്‍ ലഭിക്കും. വര്‍ഷിക ഫീസ്: 70,125 - 1,02,453 ദിര്‍ഹം.

റാഫിള്‍സ് വേള്‍ഡ് അക്കാദമി, ഷാര്‍ജ: പ്രീ-കെ മുതല്‍ എട്ടാം ക്ലാസ് വരെയാണ് ഇവിടെ പ്രവേശനം ലഭിക്കുക. വര്‍ഷിക ഫീസ്: 40,000 - 64,000 ദിര്‍ഹം.

അംബാസഡര്‍ ഇന്റര്‍നാഷണല്‍ അക്കാദമി, മന്‍ഖൂല്‍: പ്രീ-കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. വര്‍ഷിക ഫീസ്: 45,000 - 69,000 ദിര്‍ഹം.