കുട്ടികളെ കെണിയിലാക്കാൻ ഓൺലൈൻ ഗെയിമുകൾ; മാതാപിതാക്കൾക്ക് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്

ഓൺലൈൻ ഇടങ്ങളിൽ കുട്ടികൾ നേരിടാൻ സാധ്യതയുള്ള അപകടങ്ങൾ കണക്കിലെടുത്താണ് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ ജാഗ്രതാനിർദേശം നൽകിയത്

കുട്ടികളെ കെണിയിലാക്കാൻ ഓൺലൈൻ ഗെയിമുകൾ; മാതാപിതാക്കൾക്ക് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്

ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലൂടെ കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നവർക്കെതിരെ ദുബായ് പൊലീസ് ജാഗ്രതാനിർദേശം നൽകി. ഓൺലൈൻ ഇടങ്ങളിൽ കുട്ടികൾ നേരിടാൻ സാധ്യതയുള്ള അപകടങ്ങൾ കണക്കിലെടുത്താണ് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ നിർദേശം പുറപ്പെടുവിച്ചത്. ഓൺലൈൻ ഗെയിമുകൾ വഴി ആളുകളുമായി സംസാരിക്കാനും ബന്ധപ്പെടാനും അവസരമൊരുങ്ങുന്നുണ്ടെങ്കിലും, അപരിചിതരായ എല്ലാവരുടെയും ഉദ്ദേശ്യം നല്ലതായിരിക്കണമെന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലെ വോയ്‌സ് കോൾ, വീഡിയോ കോൾ, ചാറ്റ് എന്നീ സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് കുട്ടികളുടെ വിശ്വാസം നേടിയെടുക്കാനാണ് പലരും ശ്രമിക്കുന്നത്. തുടർന്ന് ഇവരെ സ്വകാര്യ ചാറ്റുകളിലേക്ക് ക്ഷണിക്കുകയും വ്യക്തിഗത വിവരങ്ങളോ ചിത്രങ്ങളോ ആവശ്യപ്പെടുകയും ചെയ്തേക്കാം. കുട്ടികളുമായി അടുപ്പമുണ്ടാക്കിയ ശേഷം അവരെ തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കാനോ ദുരുപയോഗത്തിന് ഇരയാക്കാനോ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

ഈ സാഹചര്യത്തിൽ കുട്ടികളുടെ ഡിജിറ്റൽ ഇടപെടലുകളിൽ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ദുബായ് പൊലീസ് നിർദേശിച്ചു. കുട്ടികൾ ഗെയിമുകൾ കളിക്കുമ്പോൾ ആരുമായാണ് സംസാരിക്കുന്നതെന്ന് പതിവായി അന്വേഷിക്കണം. യഥാർഥ ജീവിതത്തിൽ പരിചയമില്ലാത്തവരുമായി വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്നും സ്വകാര്യ സംഭാഷണങ്ങളിൽ ഏർപ്പെടരുതെന്നും കുട്ടികളെ ബോധവൽക്കരിക്കേണ്ടതുണ്ട്. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ അവരുമായി എപ്പോഴും തുറന്ന ആശയവിനിമയം നിലനിർത്തണമെന്നും പൊലീസ് കൂട്ടിച്ചേർത്തു.