യുഎഇയിലെ സ്കൂളുകളിൽ ഫോട്ടോയെടുപ്പിന് വിലക്ക്: രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി സർക്കുലർ

സ്കൂളുകളിൽ ഫോട്ടോയോ വീഡിയോയോ എടുക്കരുതെന്ന കർശന നി‍ർദ്ദേശവുമായി യുഎഇ അധികൃതർ.

യുഎഇയിലെ സ്കൂളുകളിൽ ഫോട്ടോയെടുപ്പിന് വിലക്ക്: രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി സർക്കുലർ

യുഎഇയിലെ സ്കൂൾ പരിസരങ്ങളിൽ മാതാപിതാക്കളും സന്ദർശകരും ഫോട്ടോയോ വീഡിയോയോ എടുക്കുന്നതിന് അധികൃതർ കർശന വിലക്കേർപ്പെടുത്തി. കുട്ടികളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദുബായിലെയും ഷാർജയിലെയും പ്രമുഖ സ്കൂളുകളാണ് ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് സർക്കുലർ അയച്ചിരിക്കുന്നത്.

ക്ലാസ് മുറികൾ, കൊറിഡോറുകൾ, കളിസ്ഥലങ്ങൾ, അസംബ്ലി, കുട്ടികളെ സ്കൂളിൽ ഇറക്കുന്നതും തിരികെ കൂട്ടിക്കൊണ്ടുപോകുന്നതുമായ പോയിന്റുകൾ തുടങ്ങി സ്കൂളിലെല്ലായിടത്തും ഈ വിലക്ക് ബാധകമാണ്. മറ്റു കുട്ടികളുടെയോ അധ്യാപകരുടെയോ ജീവനക്കാരുടെയോ ചിത്രങ്ങളും വീഡിയോകളും അവരുടെ വ്യക്തമായ അനുവാദമില്ലാതെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലോ സോഷ്യൽ മീഡിയയിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പങ്കുവെക്കരുതെന്നും സ്കൂൾ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. യുഎഇയിലെ നിലവിലുള്ള സ്വകാര്യതാ സംരക്ഷണ നിയമങ്ങൾക്ക് വിധേയമായി കുട്ടികളുടെയും ജീവനക്കാരുടെയും വ്യക്തിഗത സുരക്ഷ ഉറപ്പാക്കാനാണ് ഈ പുതിയ നടപടി.