കടുത്ത ചൂടില്‍ യുഎഇ; താപനില 48 ഡിഗ്രിയിലേക്ക്, ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

കഴിഞ്ഞ ദിവസം അബുദാബിയിലെ അല്‍ ദഫ്‌റ മേഖലയിലുള്ള മെസൈറയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 47.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.

കടുത്ത ചൂടില്‍ യുഎഇ; താപനില 48 ഡിഗ്രിയിലേക്ക്, ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

യുഎഇ: യുഎഇയില്‍ വരും ദിവസങ്ങളില്‍ കടുത്ത ചൂടും പൊടിക്കാറ്റും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ഒക്ടോബര്‍ പകുതിയായിട്ടും രാജ്യത്ത് സാധാരണയേക്കാള്‍ ഉയര്‍ന്ന ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം അബുദാബിയിലെ അല്‍ ദഫ്‌റ മേഖലയിലുള്ള മെസൈറയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 47.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.

ചൂട് ക്രമാതീതമായി ഉയരുന്നതിനാല്‍ പൊതുജനങ്ങളും വെയിലത്ത് ജോലി ചെയ്യുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. ഉച്ചയ്ക്ക് 12:30 മുതല്‍ 3 മണി വരെ നിര്‍ബന്ധിത ഉച്ചവിശ്രമം നിലവിലുണ്ടെങ്കിലും, രാവിലെ 11 മണിയോടെ തന്നെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. നിര്‍ജ്ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കണമെന്നും നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
വരും ദിവസങ്ങളില്‍ തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശകളില്‍ നിന്ന് മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇത് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമായേക്കാം. പടിഞ്ഞാറന്‍ തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നതിനാല്‍ തീരദേശവാസികളും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണം.