അമിതഭാരത്തിനും അശ്രദ്ധമായ ഡ്രൈവിങ്ങിനും പിടിവീഴും; യുഎഇയിൽ പുതിയ ട്രാഫിക് നിയമം

ട്രക്കുകളിൽ യാത്രക്കാരെ കൊണ്ടുപോകുന്നതിനും നിയന്ത്രണമുണ്ട്. വാഹന ഉടമയുടെ ജീവനക്കാർക്കും ചരക്ക് കയറ്റിറക്കാൻ നിയോഗിച്ച തൊഴിലാളികൾക്കും മാത്രമാണ് യാത്രാനുമതി. എന്നാൽ ഇവർക്കായി വാഹനത്തിൽ പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കണം

അമിതഭാരത്തിനും അശ്രദ്ധമായ ഡ്രൈവിങ്ങിനും പിടിവീഴും; യുഎഇയിൽ പുതിയ ട്രാഫിക് നിയമം

അബുദാബി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ഭാരവാഹനങ്ങളുടെ ഗതാഗതത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യുഎഇ. 2027 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന ഫെഡറൽ ട്രാഫിക് നിയമത്തിൽ ട്രക്ക് ഡ്രൈവർമാർ പാലിക്കേണ്ട ആറ് പ്രധാന നിബന്ധനകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് പിഴയ്ക്കു പുറമെ ട്രാഫിക് പോയിന്റുകളും ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും ഉൾപ്പെടെയുള്ള നടപടികളുമുണ്ടാകും.

പുതിയ വ്യവസ്ഥപ്രകാരം ഭാരവാഹനങ്ങൾ റോഡിന്റെ വലതുവശം ചേർന്നായിരിക്കണം ഓടിക്കേണ്ടത്. ഓവർടേക്ക് ചെയ്യേണ്ടപ്പോഴോ മറ്റ് അനിവാര്യ സാഹചര്യങ്ങളിലോ മാത്രമേ ഇടതുവശത്തേക്ക് മാറാൻ അനുമതിയുള്ളൂ. ലൈസൻസിങ് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള പരമാവധി ഭാരവും ഉയരവും വാഹനങ്ങൾ മറികടക്കുന്നില്ലെന്ന് ഡ്രൈവർമാർ ഉറപ്പാക്കണം.

ട്രക്കുകളിൽ യാത്രക്കാരെ കൊണ്ടുപോകുന്നതിനും നിയന്ത്രണമുണ്ട്. വാഹന ഉടമയുടെ ജീവനക്കാർക്കും ചരക്ക് കയറ്റിറക്കാൻ നിയോഗിച്ച തൊഴിലാളികൾക്കും മാത്രമാണ് യാത്രാനുമതി. എന്നാൽ ഇവർക്കായി വാഹനത്തിൽ പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കണം. ചരക്കുകൾ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുകയോ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്യാത്ത വിധത്തിലായിരിക്കണം കൊണ്ടുപോകേണ്ടത്.

മണൽ, പൊടി തുടങ്ങിയ വസ്തുക്കൾ റോഡിലേക്ക് ചിതറാതിരിക്കാനായി ലോഡ് കൃത്യമായി മൂടിയിരിക്കണം. വാഹനത്തിന്റെ നിശ്ചിത അതിരുകൾക്ക് പുറത്തേക്ക് ചരക്കുകൾ തള്ളിനിൽക്കാനും പാടില്ല. ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് ഡ്രൈവർമാരുടെ ഉത്തരവാദിത്തമായിരിക്കും.

നിയമലംഘനങ്ങൾക്ക് 3,000 ദിർഹം വരെ പിഴ

ഭാരവാഹനങ്ങളുമായി ബന്ധപ്പെട്ട 11 വിഭാഗം ട്രാഫിക് നിയമലംഘനങ്ങൾക്കും അതിനുള്ള ശിക്ഷകൾക്കും ആഭ്യന്തര മന്ത്രാലയം വ്യക്തത വരുത്തിയിട്ടുണ്ട്. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് പിഴ, ട്രാഫിക് പോയിന്റുകൾ, വാഹനം പിടിച്ചെടുക്കൽ, ഒരു വർഷം വരെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യൽ തുടങ്ങിയ നടപടികളുണ്ടാകും.

അപകടസാധ്യത സൃഷ്ടിക്കുന്ന രീതിയിൽ ട്രക്ക് ഓടിക്കുന്നതും നിരോധിത മേഖലകളിൽ ഓവർടേക്ക് ചെയ്യുന്നതും ഗുരുതരമായ നിയമലംഘനങ്ങളായാണ് കണക്കാക്കുന്നത്. ഇത്തരം കുറ്റങ്ങൾക്ക് 3,000 ദിർഹം പിഴയും ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യലുമാണ് ശിക്ഷ.

ട്രക്കിൽനിന്ന് ചരക്കുകളോ മറ്റ് വസ്തുക്കളോ റോഡിലേക്ക് വീഴുകയോ ചോർന്നുപോകുകയോ ചെയ്താൽ 3,000 ദിർഹം പിഴയ്ക്കൊപ്പം 12 ട്രാഫിക് പോയിന്റുകളും ചുമത്തും. ചരക്കുകൾ സുരക്ഷിതമായി മൂടാതെ കൊണ്ടുപോകുന്നവർക്കും 3,000 ദിർഹം പിഴ ലഭിക്കും. ഇതിന് പുറമെ നിയമപ്രകാരമുള്ള ട്രാഫിക് പോയിന്റുകളും ബാധകമാകും.

പുതിയ നിയമം നടപ്പിലാകുന്നതോടെ ഭാരവാഹനങ്ങളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാനും റോഡപകടങ്ങൾ കുറയ്ക്കാനും കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.