കാലാവസ്ഥ വ്യതിയാനം: അബുദാബിയിൽ പാർക്കുകളും ബീച്ചുകളും അടച്ചു; സുരക്ഷിതരായിരിക്കാൻ മുൻകരുതലുകൾ
വാഹനങ്ങള്‍ ഓടിക്കുന്നവര്‍ വേഗത കുറച്ച് യാത്ര ചെയ്യണമെന്നും ഫ്‌ലാഷ് ലൈറ്റുകള്‍, വൈപ്പര്‍ എന്നിവ വേണ്ടരീതിയില്‍ ഉപയോഗിക്കണെന്നും അബുദബി പൊലീസ് നിര്‍ദേശിച്ചു
യുഎഇയില്‍ അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ അബുദാബിയിലെയും അല്‍ ഐനിലെയും പാര്‍ക്കുകളും ബീച്ചുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇവിടെയുള്ള എല്ലാ പരിപാടികളും നിര്‍ത്തിവെച്ചതായി അധികൃതർ വ്യക്തമാക്കി. പലയിടങ്ങളിലും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ മുനിസിപ്പാലിറ്റികള്‍ ഈ തീരുമാനമെടുത്തത്.
ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും നിര്‍ദേശമുണ്ട്. വാഹനമോടിക്കുന്നവര്‍ വേഗത കുറയ്ക്കണമെന്നും ഫ്ലാഷ് ലൈറ്റുകളും വൈപ്പറും കൃത്യമായി ഉപയോഗിക്കണമെന്നും അബുദാബി പൊലീസ് അറിയിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണം.
സ്വീഹാന്‍, നാഹെല്‍, അല്‍ ഖസ്‌ന, റമ, ഉമ്മുല്‍ ഓഷ്, അല്‍ റസീന്‍, അല്‍ ഫയ, അല്‍ ഖാതിം തുടങ്ങിയ റോഡുകളില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായും അല്‍ അര്യന്‍ പാലത്തിനും അബുദാബിക്കും ഇടയിലുള്ള ഷെയ്ഖ് ഖലീഫ ബിന്‍ സായദ് ഇന്റര്‍നാഷണല്‍ റോഡില്‍ 100 കിലോമീറ്ററായും കുറച്ചിട്ടുണ്ട്. വാരാന്ത്യത്തില്‍ കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും (NCM) സ്റ്റോം സെന്ററും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments ()