ചട്ടങ്ങൾ കാറ്റിൽപ്പറത്തി; യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഡ് ട്രാൻസ്പോർട്ട് അതോറിറ്റി
ഓൺലൈൻ ആപ്പ് അധിഷ്ഠിത ടാക്സി സേവനങ്ങൾ നൽകുന്ന നാല് പ്രമുഖ കമ്പനികൾക്ക് വിലക്കേർപ്പെടുത്തിയതോടെ ചണ്ഡീഗഢ്, മൊഹാലി, പഞ്ച്കുള എന്നിവിടങ്ങളിലെ സ്ഥിരംയാത്രക്കാരടക്കം പ്രയാസത്തിലായിരിക്കുകയാണ്.
സുരക്ഷാ-പ്രവർത്തന മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് പ്രമുഖ ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് ചണ്ഡീഗഡ് ഭരണകൂടം ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഡ്രൈവർമാരുടെ ഇൻഷുറൻസ്, പരിശീലനം, യാത്രാനിരക്ക്, സർവീസിന് ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കമ്പനികൾ ലംഘിച്ചതായി സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ടിഎ) കണ്ടെത്തിയിരുന്നു.
ഈ പോരായ്മകൾ പരിഹരിക്കാൻ എസ്ടിഎ പലതവണ അവസരം നൽകിയിട്ടും കമ്പനികൾ അതിന് തയ്യാറാകാതിരുന്നതാണ് ശക്തമായ ഈ നടപടിയിലേക്ക് നയിച്ചത്. നേരത്തേ ഓല, ഇൻഡ്രൈവ് എന്നീ കമ്പനികളുടെ ലൈസൻസും സമാനരീതിയിൽ ഇവിടെ സസ്പെൻഡ് ചെയ്തിരുന്നു. ആപ്പ് അധിഷ്ഠിത ടാക്സി സേവനം നൽകുന്ന പ്രധാനപ്പെട്ട നാല് കമ്പനികൾക്കും ഒരേപോലെ വിലക്ക് വീണതോടെ ചണ്ഡീഗഡ്, മൊഹാലി, പഞ്ച്കുള തുടങ്ങിയ ട്രൈസിറ്റി മേഖലകളിലെ സ്ഥിരംയാത്രക്കാർ വലിയ യാത്രാദുരിതത്തിലാണ്.
Comments ()