ട്രെയിൻ ടിക്കറ്റും ഇനി ഊബറിൽ; യാത്രക്കാർക്കായി പുതിയ ഫീച്ചറുമായി കമ്പനി

ഇന്ത്യയിലെ പൊതുഗതാഗത സേവനങ്ങളുടെ പട്ടികയിലേക്ക് ട്രെയിന്‍ യാത്ര കൂടി ചേര്‍ത്തിരിക്കുകയാണ് ഊബര്‍

ട്രെയിൻ ടിക്കറ്റും ഇനി ഊബറിൽ; യാത്രക്കാർക്കായി പുതിയ ഫീച്ചറുമായി കമ്പനി

ഇന്ത്യയില്‍ ടാക്‌സി സേവനങ്ങള്‍ക്കപ്പുറം പൊതുഗതാഗത രംഗത്തേക്ക് പ്രവര്‍ത്തനം വിപുലീകരിക്കുകയാണ് ഊബര്‍. ഇതിന്റെ ഭാഗമായി ട്രാവല്‍ ടെക്നോളജി കമ്പനിയായ ഇക്‌സിഗോയുമായി (ixigo) സഹകരിച്ച് ഊബര്‍ ആപ്പിലൂടെ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് സൗകര്യം ആരംഭിച്ചു. പുതിയ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ആപ്പില്‍ തന്നെ ട്രെയിനുകള്‍ തിരയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും പിഎന്‍ആര്‍ (PNR) സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും. ഊബര്‍ ഹോം സ്‌ക്രീനിലെ 'Bus & Train' ഓപ്ഷന്‍ വഴിയോ 'Services' വിഭാഗത്തിലൂടെയോ ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഇന്റര്‍സിറ്റി കാറുകള്‍, ബസ്, മെട്രോ ടിക്കറ്റിങ് എന്നിവയ്ക്ക് പുറമേ ട്രെയിന്‍ ബുക്കിങ് കൂടി ലഭ്യമാകുന്നതോടെ യാത്രക്കാരുടെ റെയില്‍വേ സ്റ്റേഷനിലേക്കുള്ള എത്തിച്ചേരലും തുടര്‍ന്നുള്ള യാത്രകളും ഒരൊറ്റ ആപ്പിലൂടെ ഏകോപിപ്പിക്കാന്‍ സാധിക്കുമെന്ന് ഊബര്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ആദ്യം ഇക്‌സിഗോയുടെ അബിബസുമായി (AbhiBus) സഹകരിച്ച് അന്തര്‍നഗര ബസ് ടിക്കറ്റ് ബുക്കിങ് ഊബര്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് സേവനവും എത്തുന്നത്. രാജ്യത്ത് ട്രെയിന്‍ യാത്രയ്ക്കുള്ള വലിയ പ്രാധാന്യം കണക്കിലെടുത്ത്, യാത്രയ്ക്ക് മുമ്പും ശേഷവുമുള്ള യാത്രാവശ്യങ്ങള്‍ കൂടി എളുപ്പത്തിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര്‍ അര്‍ണബ് കുമാര്‍ പറഞ്ഞു. കൂടാതെ, പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ പിക്കപ്പ്, ഡ്രോപ്പ്-ഓഫ് സൗകര്യങ്ങളും ഊബര്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഓട്ടോ, കാറുകള്‍, മെട്രോ, ഇന്റര്‍സിറ്റി കാറുകള്‍, ഇന്റര്‍സിറ്റി ബസുകള്‍, ട്രെയിന്‍ യാത്രകള്‍ എന്നിവയെല്ലാം ഊബര്‍ സേവനങ്ങളുടെ ഭാഗമാണ്.