പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ; ഹോർമുസിൽ യുഎസ് വ്യോമാക്രമണം: തിരിച്ചടിച്ച് ഇറാൻ

ഇറാനിലെ റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ; ഹോർമുസിൽ യുഎസ് വ്യോമാക്രമണം: തിരിച്ചടിച്ച് ഇറാൻ

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഇറാൻ അധീനതയിലുള്ള ഹോർമുസിലെ ലാറഖ് ദ്വീപിലേക്ക് അമേരിക്ക ആക്രമണം നടത്തി. ഇവിടുത്തെ റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചപ്പോൾ, ആക്രമണത്തിൽ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) അറിയിച്ചു. അമേരിക്കക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഐആർജിസി ആക്രമണം നടത്തി. സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില രണ്ട് ശതമാനത്തിലധികം വർധിച്ച് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി.

അമേരിക്ക നടത്തുന്ന സാമ്പത്തിക യുദ്ധത്തിനിടെ, കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ ആക്രമണങ്ങൾ നടന്നത്. അമേരിക്കയുടെ സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെയുള്ള റഷ്യൻ നിലപാട് ഈ കൂടിക്കാഴ്ചയിൽ നിർണായകമാകും. പുടിനുമായി പെസെഷ്കിയാൻ നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിതെന്ന് റഷ്യയിലെ ഇറാൻ അംബാസഡർ കാസെം ജലാലിയെ ഉദ്ധരിച്ച് ഐആർഎൻഎ വ്യക്തമാക്കി. എതിരാളികൾക്ക് സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് ഇറാൻ പ്രതിരോധ മന്ത്രി ആവർത്തിച്ചപ്പോൾ, അമേരിക്കയുമായി കരാറിലെത്തിയാലും ആണവായുധം നിർമ്മിക്കാൻ ശ്രമിച്ചാൽ ഇറാനെ ആക്രമിക്കുമെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്.