സൗദിക്ക് എഫ്-35 വിമാനങ്ങൾ നൽകാൻ അമേരിക്ക; 48 യുദ്ധവിമാനങ്ങൾക്ക് അനുമതി
സൗദിയുടെ വ്യോമസേനയെ കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായാണ് എഫ്-35 വിമാനങ്ങൾ സ്വന്തമാക്കാനുള്ള നീക്കം. ഇറാനിൽനിന്നുള്ള ഭീഷണി നേരിടുന്നതിനൊപ്പം രാജ്യത്തിന്റെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സൈനിക ശേഷി വർധിപ്പിക്കാനും റിയാദ് ലക്ഷ്യമിടുന്നുണ്ട്
വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയ്ക്ക് എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ നൽകുന്നതിനുള്ള നീക്കവുമായി അമേരിക്ക. ലോക്ക്ഹീഡ് മാർട്ടിൻ നിർമിക്കുന്ന 48 വിമാനങ്ങൾ ഉൾപ്പെടുന്ന ഏകദേശം 24.3 ബില്യൺ ഡോളറിന്റെ ആയുധ ഇടപാടിനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രാഥമിക അനുമതി നൽകിയിരിക്കുന്നത്. ഇടപാടിന്റെ ഭാഗമായി വിമാനങ്ങൾക്ക് ആവശ്യമായ എൻജിനുകളും മറ്റ് പ്രതിരോധ സംവിധാനങ്ങളും സാങ്കേതിക സഹായവും ലഭ്യമാക്കും.
സൗദിയുടെ വ്യോമസേനയെ കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായാണ് എഫ്-35 വിമാനങ്ങൾ സ്വന്തമാക്കാനുള്ള നീക്കം. ഇറാനിൽനിന്നുള്ള ഭീഷണി നേരിടുന്നതിനൊപ്പം രാജ്യത്തിന്റെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സൈനിക ശേഷി വർധിപ്പിക്കാനും റിയാദ് ലക്ഷ്യമിടുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സൗദിയുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വാഷിംഗ്ടണിലെ സൗദി എംബസി അമേരിക്കൻ തീരുമാനത്തെ സ്വാഗതം ചെയ്തു.
അതേസമയം, ഇടപാട് പശ്ചിമേഷ്യയിലെ സൈനിക ശക്തിസന്തുലിതാവസ്ഥയെ ബാധിക്കുമോ എന്ന ചർച്ചയും സജീവമാണ്. നിലവിൽ മേഖലയിൽ എഫ്-35 യുദ്ധവിമാനങ്ങൾ സ്വന്തമായുള്ള ഏക രാജ്യമാണ് ഇസ്രയേൽ. സൗദിക്ക് സമാനമായ സാങ്കേതികവിദ്യ ലഭിക്കുന്നതോടെ ഇസ്രയേലിന്റെ സൈനിക മുൻതൂക്കവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വീണ്ടും ചർച്ചയാകാനിടയുണ്ട്. ഏകദേശം 48 വിമാനങ്ങളും 49 എൻജിനുകളും ഉൾപ്പെടുന്ന കരാറിന് യുഎസ് കോൺഗ്രസിന്റെ അന്തിമ നടപടിക്രമങ്ങൾ കൂടി പൂർത്തിയാകേണ്ടതുണ്ട്; ആയുധ വിൽപ്പനയെക്കുറിച്ച് കോൺഗ്രസിലെ ചില അംഗങ്ങൾ ആശങ്ക ഉയർത്താനുള്ള സാധ്യതയും റിപ്പോർട്ടുകളിലുണ്ട്.
Comments ()