വടക്കഞ്ചേരിയിൽ വാഹനാപകടം: ബസിലിടിച്ച് സിഎൻജി ലോറി മറിഞ്ഞു; 9 പേർക്ക് പരിക്ക്

വടക്കഞ്ചേരി റോയല്‍ ജംഗ്ഷനു സമീപം ഉണ്ടായ അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു

വടക്കഞ്ചേരിയിൽ വാഹനാപകടം: ബസിലിടിച്ച് സിഎൻജി ലോറി മറിഞ്ഞു; 9 പേർക്ക് പരിക്ക്

പാലക്കാട്: വടക്കാഞ്ചേരിയില്‍ ബസുമായി കൂട്ടിയിടിച്ച് സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞു. വടക്കഞ്ചേരി റോയല്‍ ജംഗ്ഷനു സമീപം ഉണ്ടായ അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ബസിലെ ഡ്രൈവര്‍ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി, ബസിലെ 7 യാത്രക്കാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസ് ഡ്രൈവര്‍ക്കും സഹായിക്കും ശരീരത്തില്‍ പൊള്ളലേറ്റിട്ടുമുണ്ട്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം ഉണ്ടായത്.

തങ്കം ജംഗ്ഷനില്‍ നിന്ന് സര്‍വീസ് റോഡ് വഴി വരികയായിരുന്ന ദീര്‍ഘദൂര സര്‍വീസ് ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ലോറി റോയല്‍ ജംഗ്ഷനു സമീപം കെഎസ്ആര്‍ടിസി ഡിപ്പോ ഭാഗത്തെ അടിപ്പാതയിലൂടെ സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

വാഹനങ്ങള്‍ ഓടാനായി ഉപയോഗിക്കുന്ന ഇന്ധനം നിറച്ച 40 ഓളം സിലിണ്ടര്‍ ആണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് വന്ന സിഎന്‍ജി വാതകം ഉഗ്ര ശബ്ദത്തോടെയാണ് പരന്നത്.